എസ്എഫ്ഐയെ പഠിപ്പിച്ചു നേരെയാക്കാനുള്ള സി.പി.എമ്മിന്റെ ക്ലാസ് ഇന്നു തുടങ്ങും 

തിരുവനന്തപുരം-ഒന്നിന് പുറകെ ഒന്നായി വിവാദങ്ങളില്‍ അകപ്പെട്ട സാഹചര്യത്തില്‍ എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തെിന് സിപിഎമ്മിന്റെ പഠനക്ലാസ്. മൂന്ന് ദിവസത്തെ പഠന ക്യാമ്പ് തിരുവനന്തപുരം വിളപ്പില്‍ശാല ഇഎംഎസ് അക്കാദമിയില്‍ ഇന്ന് ആരംഭിക്കും. സംഘടന അവബോധം വളര്‍ത്തുന്നതിനും തെറ്റും നയവ്യതിയാനങ്ങളും തിരുത്തി സംഘടനയെ നേര്‍വഴിക്ക് നയിക്കുന്നതും ലക്ഷ്യമിട്ടുമാണ് പഠന ക്ലാസ് സംഘടിപ്പിച്ചത്. എസ് എഫ് ഐയുമായി ബന്ധപ്പെട്ട് തുടരെ തുടരെ ഉണ്ടായ വിവാദങ്ങളില്‍ സിപിഎം നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഈ സാഹചര്യത്തിലാണ് നയവ്യതിയാനമില്ലാതെ തിരുത്തി മുന്നോട്ട് പോകാന്‍ എസ് എഫ് ഐക്കായി സിപിഎം പഠനക്ലാസ് സംഘടിപ്പിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അടക്കം മുതിര്‍ന്ന നേതാക്കള്‍ പഠന ക്ലാസില്‍ പങ്കെടുക്കും. നേരത്തെ സിപിഎം സംസ്ഥാന സമിതിയിലും എസ് എഫ് ഐ നേതൃത്വത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എസ്എഫ്ഐയില്‍ തിരുത്ത് അനിവാര്യമാണെന്നും സംഘടനാ തലത്തില്‍ ശക്തമായ ഇടപെടല്‍ ആവശ്യമാണെന്നും സിപിഎം സംസ്ഥാന സമിതി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഈ നീക്കമെന്നാണ് വിവരം.
എസ് എഫ് ഐ നേതാക്കളുടെ സര്‍ട്ടിഫിക്കറ്റ് തിരുത്തലും വ്യാജ രേഖ ചമക്കലുമടക്കം നിരവധി കേസുകള്‍ കഴിഞ്ഞ കുറേ കാലങ്ങളായി മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. വിഷയങ്ങള്‍ വലിയ വിവാദങ്ങളിലേക്ക് എത്തിയതോടെ പോലീസിന് കേസെടുക്കേണ്ടി വരികയും പല കേസും അന്വേഷണ ഘട്ടത്തിലുമാണ്. ഏറ്റവും ഒടുവില്‍ കെ വിദ്യ ഉള്‍പ്പെട്ട മഹാരാജാസ് കോളേജ് വ്യാജ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് കേസ്, നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി, വിശാഖ് ഉള്‍പ്പെട്ട കാട്ടാക്കട കോളേജിലെ ആള്‍മാറാട്ട കേസ് അടക്കം സിപിഎമ്മിന് വലിയ നാണക്കേടുണ്ടാക്കി. പ്രതികളായവരെയെല്ലാം സിപിഎം തള്ളിപ്പറയുകയും എസ് എഫ് ഐ പുറത്താക്കുകയും ചെയ്തെങ്കിലും വിദ്യാര്‍ത്ഥി പ്രസ്ഥാനം വലിയ ആരോപണങ്ങള്‍ നേരിടേണ്ടി വന്നു. സമൂഹമാധ്യമങ്ങളിലടക്കം വലിയ തിരിച്ചടികള്‍ നേരിട്ട സാഹചര്യത്തിലാണ് തിരുത്തലിനായി സിപിഎം ഇടപെടല്‍.

Latest News