ഇംഫാല്‍-സംഘര്‍ഷം തുടരുന്ന മണിപ്പുരില്‍ വെള്ളിയാഴ്ച മൂന്ന് മരണം. പതിനേഴുകാരനായ ഒരു കൗമാരക്കാരന്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെ ബിഷ്ണുപൂര്‍ ജില്ലയിലാണ് സംഭവം. മരിച്ചവരില്‍ രണ്ട് പേര്‍ കുകി വിഭാഗത്തിലും ഒരാള്‍ മെയ്തി വിഭാഗത്തില്‍ നിന്നുമാണെന്ന് പോലീസ് അറിയിച്ചു. സായുധരായ അക്രമികള്‍ തമ്മില്‍ വെടിവെപ്പുണ്ടായപ്പോള്‍ ഗ്രാമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു പതിനേഴുകാരന് വെടിയേറ്റത്.
അഞ്ച് ഇടതുപക്ഷ എംപിമാര്‍ വെള്ളിയാഴ്ച മണിപ്പുര്‍ സന്ദര്‍ശിച്ചിരുന്നു. നിരവധി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന ജനങ്ങളുമായി ഇവര്‍ സംവദിക്കുകയും ചെയ്തു. തുടര്‍ന്ന് സംസ്ഥാനത്തെ ക്രമസമാധാനനിലയുണ്ടായ പ്രശ്നം മണിപ്പുര്‍ ഗവര്‍ണര്‍ അനസൂയിയ യൂകിയെ ബോധ്യപ്പെടുത്തിയതായി ജോണ്‍ ബ്രിട്ടാസ് ട്വീറ്റ് ചെയ്തു. ബിരേന്‍ സിങ് സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. പ്രധാനമന്ത്രിയുടെ മൗനത്തെ ജനങ്ങള്‍ ചോദ്യം ചെയ്യുന്നുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
രണ്ട് മാസമായി സംഘര്‍ഷം തുടരുന്ന സംസ്ഥാനത്ത് 100-ലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും 3000-ത്തിലധികം പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്. രണ്ടു മാസത്തിലേറെയായിട്ടും സംഘര്‍ഷം കെട്ടടങ്ങാത്തതില്‍ സര്‍വത്ര ആശങ്കയുണ്ട്.