ഭോപ്പാല്‍- മധ്യപ്രദേശില്‍ ആദിവാസി യുവാവിന്റെ മുഖത്തേക്ക് മൂത്രമൊഴിച്ചതിന് അറസ്റ്റിലായ പ്രവേഷ് ശുക്ലയ്ക്ക് പിന്തുണയുമായി അഖില ഭാരതീയ ബ്രാഹ്മണ സമാജം രംഗത്ത്. സംഭവത്തിന് ശേഷം കൈയേറ്റമാണെന്ന് കണ്ടെത്തിയ ശുക്ലയുടെ വീടിന്റെ ഒരു ഭാഗം അധികൃതര്‍ പൊളിച്ചുമാറ്റിയിരുന്നു.
ധനസമാഹരണം നടത്തുമെന്നും ശുക്ലയ്ക്ക് നിയമസഹായം നല്‍കുമെന്നും ഓള്‍ ഇന്ത്യ ബ്രാഹ്മണ സമാജം അറിയിച്ചു.
സംഘടന സാമ്പത്തിക സഹായം നല്‍കുമെന്നും ശുക്ലയുടെ വീട് തകര്‍ത്ത സംഭവത്തില്‍ അധികൃതര്‍ക്കെതിരെ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്നും സംഘടനയുടെ മധ്യപ്രദേശ് സംസ്ഥാന പ്രസിഡന്റ് പുഷ്‌പേന്ദ്ര മിശ്ര പത്രക്കുറിപ്പില്‍ പറഞ്ഞു.
പ്രവേശ് ശുക്ലയുടെ മനുഷ്യത്വരഹിതമായ നടപടിയെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. അതേസമയം, അദ്ദേഹത്തിന്റെ വീട് ഭരണകൂടം തകര്‍ത്തതിനെയും ഞങ്ങള്‍ അപലപിക്കുന്നു. വീട് ശുക്ലയുടെ അച്ഛന്റെയും അമ്മാവന്റെതുമാണ്.
ശുക്ലയുടെ പ്രവര്‍ത്തനം ഒരു സമൂഹത്തിലും അംഗീകരിക്കാനാവില്ലെന്ന് പുഷ്‌പേന്ദ്ര പറഞ്ഞു. ഒരു ജാതിയിലും അംഗീകരിക്കപ്പെടുന്നതല്ല ഇത്. അദ്ദേഹത്തിന്റെ പ്രവൃത്തി അങ്ങേയറ്റം അപലപനീയവും പൊറുക്കാനാവാത്തതുമാണ്. എന്നാല്‍ അധികൃതര്‍ അവന്റെ കുടുംബാംഗങ്ങളെ എന്തിന് ശിക്ഷിക്കണമെന്ന് അദ്ദേഹം ചോദിച്ചു.
അഖിലേന്ത്യ ബ്രാഹ്മണ സമാജത്തിന്റെ സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ ശുക്ലയുടെ കുടുംബത്തിന് പൂര്‍ണ സഹായം നല്‍കാന്‍ എല്ലാ ജില്ലാ പ്രസിഡന്റുമാരോടും നിര്‍ദേശിച്ചിട്ടുണ്ടെന്നും പുഷ്‌പേന്ദ്ര മിശ്ര പറഞ്ഞു. സംഘടനയുടെ നേതാക്കളായ സിദ്ധി പണ്ഡിറ്റും രാകേഷ് ദുബെയും കുടുംബത്തെ സന്ദര്‍ശിച്ച് 51,000 രൂപ ധനസഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
ശുക്ലയുടെ വീട് തകര്‍ത്തതിനെതിരെ സംഘടന ജബല്‍പൂര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കുമെന്നും മിശ്ര കൂട്ടിച്ചേര്‍ത്തു. അതിനിടെ, പ്രതിയുടെ പക്ഷം പിടിക്കുന്ന അഖില ബ്രാഹ്മണ സമാജത്തിന്റെ നീക്കത്തെ നിരവധി ട്വിറ്റര്‍ ഉപയോക്താക്കള്‍ രൂക്ഷമായി വിമര്‍ശിച്ചു.