നോയിഡ- അനധികൃത താമസവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത പാകിസ്ഥാന്‍ യുവതിക്കും ഇന്ത്യന്‍ പങ്കാളിക്കും ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലെ കോടതി ജാമ്യം അനുവദിച്ചു. 30 വയസ്സായ സീമ ഗുലാം ഹൈദര്‍ 25 വയസ്സായ സച്ചിന്‍ മീണ എന്നിവരെ ജൂലൈ നാലിനാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ചതിനാണ് സീമക്കെതിരെ കുറ്റം ചുമത്തിയിരുന്നത്. അനധികൃത കുടിയേറ്റക്കാര്‍ക്ക് അഭയം നല്‍കിയതിന് സച്ചിനെതിരെയും കേസെടുത്തു.
തങ്ങള്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാനും ഇന്ത്യയില്‍ ഒരുമിച്ച് താമസിക്കാനും അനുവദിക്കണമെന്നാണ് ഇരുവരും മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചത്.
2019ല്‍ ഓണ്‍ലൈന്‍ ഗെയിം പബ്ജി കളിക്കുന്നതിനിടെയാണ് ഇരുവരും പരിചയപ്പെട്ടതും പ്രണയത്തിലായതും. ഒടുവില്‍ സീമ ഗ്രേറ്റര്‍ നോയിഡയില്‍ സച്ചിനോടൊപ്പം താമസിക്കാന്‍ ഇന്ത്യയിലേക്ക് വരികയായിരുന്നു. ജെവാര്‍ സിവില്‍ കോടതി ജൂനിയര്‍ ഡിവിഷനിലെ ജസ്റ്റിസ് നസിം അക്ബറാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സീമയ്ക്കും സച്ചിനും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ടെങ്കിലും ജയില്‍ മോചിതരായിട്ടില്ലെന്നും നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വിട്ടയക്കുമെന്നും കേസ് രജിസ്റ്റര്‍ ചെയ്ത ലോക്കല്‍ റബുപുര പോലീസ് സ്‌റ്റേഷന്റെ ചുമതലയുള്ള സുധീര്‍ കുമാര്‍ പറഞ്ഞു.
സീമയുടെ നാല് മക്കളും ജയിലിലാണ്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയാല്‍ മക്കള്‍ അമ്മയോടൊപ്പം താമസിക്കുമെന്നും സുധീര്‍ കുമാര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. യുവതിയുടെ ഏഴ് വയസില്‍ താഴെയുള്ള നാല് മക്കളും മാതാവിനൊപ്പം ജയിലില്‍ കഴിയണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. സച്ചിന്റെ പിതാവ് നേത്രപാല്‍ സിങ്ങിനെയും (50) കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത് അനധികൃത കുടിയേറ്റക്കാര്‍ക്ക് അഭയം നല്‍കിയതിന് കുറ്റം ചുമത്തിയിരുന്നു. കോടതി വ്യാഴാഴ്ച പിതാവിന് ജാമ്യം അനുവദിച്ചതായും പോലീസ് പറഞ്ഞു.