കൊച്ചി- ഉത്തരേന്ത്യയില്‍ ധാരാളമായി ഉപയോഗിക്കുന്ന ഭാംഗ് കേരളത്തില്‍ വ്യാപകമായി വിപണനം ചെയ്ത് ലഹരി മരുന്നു മാഫിയ. പ്രമുഖ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ഈ ലഹരി മിഠായി വിവിധ പേരുകളില്‍ ലഭ്യമാണ്. ഉത്തരേന്ത്യയില്‍ നിന്ന് നേരിട്ട് കൊണ്ടുവന്ന് വില്‍പന നടത്തുന്നവരും കേരളത്തിലുണ്ട്. വിദ്യാര്‍ഥികളാണ് ഇവരുടെ ഇരകള്‍. കഞ്ചാവ് മിഠായി വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍പന നടത്തിയത് അടുത്തിടെ പലയിടത്തും പിടികൂടിയിട്ടുണ്ട്. എന്നാല്‍ കഞ്ചാവിന്റെ ഇലകൊണ്ടുണ്ടാക്കുന്ന ഭാംഗ് നിയമത്തിന്റെ ദൃഷ്ടിയില്‍ നിരോധിത ലഹരിവസ്തുവല്ലെന്നതിനാല്‍ കേസ് കോടതിയിലെത്തുമ്പോള്‍ പോലീസിന് തിരിച്ചടിയായി മാറും.
കഞ്ചാവ് ചെടിയുടെ ഇല ഉണക്കി വെള്ളത്തില്‍ വേവിച്ച് മധുരം ചേര്‍ത്ത് അരച്ചെടുക്കുന്നതാണ് ഭാംഗ്. ഉരുളകളാക്കിയും പാലില്‍ കലക്കിയും ബദാം കശുവണ്ടി പഴവര്‍ഗങ്ങള്‍ തുടങ്ങിയവ ചേര്‍ത്ത് ജ്യൂസാക്കിയും പല തരത്തില്‍ ഭാംഗ് വിറ്റഴിക്കുന്നുണ്ട്. ഉത്തരേന്ത്യന്‍ ആഘോഷ വേളകൡ ഒഴിവാക്കാനാകാത്തതാണ് ഭാംഗ്. ഹോളി പോലുള്ള ആഘോഷ വേളകളിലാണ് ഭാംഗ് വ്യാപകമായി വിറ്റഴിയുന്നത്. നിയമവിധേയമായി തന്നെയാണ് ഭാംഗ് വില്‍പന ശാലകള്‍ യു പിയിലും മറ്റും പ്രവര്‍ത്തിക്കുന്നത്.
1985ലെ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍ ഡി പി എസ്) ആക്ടില്‍ കഞ്ചാവിന്റെ പൂക്കള്‍ ഒഴികെയുള്ള ഭാഗങ്ങളെ നിരോധിത വസ്തുവായല്ല വ്യാഖ്യാനിച്ചിരിക്കുന്നത്. കഞ്ചാവ് ചെടിയുടെ പൂക്കുലയല്ലാതെ ഇലകളോ കായ്കളോ നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്ന് ആക്ടില്‍ വ്യക്തമായി എഴുതിയിട്ടുണ്ട്. വാസ്തവത്തില്‍ ചെടിയുടെ പൂക്കള്‍ ഉണക്കിയെടുക്കുന്ന കഞ്ചാവ് പോലെ തന്നെ ലഹരിക്കടിമപ്പെടുത്തുന്നതാണ് ഇതിന്റെ ഇലയില്‍ നിന്നുണ്ടാക്കുന്ന ഭാംഗും. എന്നാല്‍ ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിശ്വാസങ്ങളും ആചാരങ്ങളുമായി ബന്ധപ്പെട്ട് കിടിക്കുന്നതിനാല്‍ ഇവയെ ഇതുവരെയും നിരോധിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
കേരള പോലീസ് കഞ്ചാവ് മിഠായി വില്‍പനക്കെതിരെ ശക്തമായ നടപടിയാണ് സ്വീകരിക്കുന്നത്. ഉത്തരേന്ത്യന്‍ മുറുക്കാന്‍ കടകളിലടക്കം കഞ്ചാവ് മിഠായി വില്‍പന രഹസ്യമായി നടക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ പലയിടങ്ങളില്‍ നിന്നും കഞ്ചാവ് മിഠായിയുമായി നിരവധി പേരെ അടുത്തിടെ പിടികൂടുകയുണ്ടായി. ഇത്തരം കേസുകള്‍ കണ്ടെത്തിയാല്‍ എന്‍ ഡി പി എസ് ആക്ട് ചുമത്തിയാണ് നടപടിയെടുക്കുന്നത്. സമീപകാലത്താണ് കഞ്ചാവ് മിഠായികള്‍ ഇത്രയധികം പ്രചാരത്തില്‍ വന്നതും പോലീസ് പിടികൂടി തുടങ്ങിയതും. ഇത്തരം കേസുകള്‍ കോടതിയില്‍ വിചാരണ ഘട്ടത്തിലേക്ക് വന്നിട്ടില്ല. വിചാരണവേളയില്‍ ഇത് കഞ്ചാവിന്റെ ഇലയില്‍ നിന്നുണ്ടാക്കുന്ന ഭാംഗ് ആണെന്ന വാദം വന്നാല്‍ കേസ് ദുര്‍ബലമാകുന്ന അവസ്ഥയുണ്ടാകും. ഇത് ഒഴിവാകാന്‍ എന്‍ ഡി പി എസ് ആക്ടില്‍ ഭേദഗതി അനിവാര്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഭാംഗ് രാജ്യമെമ്പാടും മിഠായി രൂപത്തിലും മറ്റും വിറ്റഴിക്കപ്പെടുന്ന സാഹചര്യത്തില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും (എന്‍ സി ബി) വിഷയത്തില്‍ ഗൗരവമായി ഇടപെടാനൊരുങ്ങുകയാണ്. നിയമത്തിലെ ഈ ന്യൂനത എന്‍ സി ബി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു കഴിഞ്ഞു. വിദ്യാര്‍ഥികളെ വ്യാപകമായി ലഹരിക്കടിമപ്പെടുത്തുന്ന ഭാംഗ് മിഠായി ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുന്ന റാക്കറ്റുകളെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിന് നിയമത്തില്‍ ഭേദഗതി ആവശ്യമാണെന്ന് എന്‍ സി ബി ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടാണ് എന്‍ സി ബി മന്ത്രാലയത്തിന് കത്തു നല്‍കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍ നടപടികള്‍ വൈകാതെ ഉണ്ടാകുമെന്ന് എന്‍ സി ബി ഉദ്യോഗസ്ഥര്‍ പറഞ്ഞു.