Sorry, you need to enable JavaScript to visit this website.

ആമസോണിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനം തടയണമെന്നാവശ്യപ്പെട്ട് വ്യാപാര സംഘടന

കൊച്ചി-ഇ കോമേഴ്‌സ് ഭീമന്‍മാരായ  ആമസോണിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യ ട്രേഡേഴ്‌സ്.
ഇതു സംബന്ധിച്ച് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്‌സന് കത്തു നല്‍കി. ആമസോണ്‍ വരിക്കാരായ വ്യാപാരികളെ നിരന്തരം വഞ്ചിക്കുകയും ചൂഷണം നടത്തുകയും ചെയ്യുന്നുവെന്നാണ് പരാതി. ആമസോണ്‍ ദുരൂഹവും വ്യവസ്ഥകള്‍ക്ക് വിരുദ്ധവുമായ രീതികള്‍ ഉപഭോക്താക്കള്‍ക്കെതിരെ വ്യാപകമായി ഉപയോഗിക്കുന്നതായി കത്തില്‍ ആരോപിച്ചു.

ആമസോണ്‍ ഇന്ത്യയില്‍ വിപണനം ആരംഭിച്ച നാള്‍ മുതല്‍, തങ്ങളുടെ വിപണിയിലെ ആധിപത്യം ഉപയോഗിച്ച്, ചില വില്‍പ്പനക്കാരെ മാത്രം തെരഞ്ഞെടുക്കുന്ന രീതി അവലംബിക്കുന്നതായി കോണ്‍ഫെഡറേഷന്‍ ദേശീയ സെക്രട്ടറി  എസ്. എസ്. മനോജ് ആരോപിച്ചു. ഇതേ വിഷയത്തില്‍, അമേരിക്കയിലെ എഫ്. ടി. സി, ആമസോണ്‍ കമ്പനിക്കെതിരെ സമഗ്രമായ കേസ് ഫയല്‍ ചെയ്യുന്നതിനുള്ള ഒരുക്കത്തിലാണ്. പ്രൈം അംഗത്വ വരിക്കാരാകുന്നതിന് ഉപഭോക്താക്കളെ നിര്‍ബ്ബന്ധിക്കുകയും, അത് പിന്നീട് റദ്ദാക്കുന്നതിനുള്ള അവസരം നിഷേധിക്കുകയും ചെയ്യുന്ന രീതി ആമസോണ്‍ സ്വീകരിച്ചു വരുന്നുണ്ടെന്ന് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

ആമസോണിന്റെ ഇകോമേഴ്‌സ് പഌറ്റ് ഫോമിലൂടെ അതിന്റെ ലോജിസ്റ്റിക്‌സും, ഡെലിവറി സേവനങ്ങളും ഉപയോഗിക്കുന്ന വ്യാപാരികള്‍ക്ക് പ്രത്യേക പ്രതിഫലം നല്‍കാനും ഉപയോഗിക്കാത്തവരെ ശിക്ഷിക്കാനും, അവരുടെ വിപണിയിലുള്ള ആധിപത്യം ദുരുപയോഗം ചെയ്യുകയാണെന്ന് സംഘടന ആരോപിക്കുന്നു. പഌറ്റ് ഫോം ഫീസായ പരസ്യ ചിലവുകള്‍, വെയര്‍ ഹൗസിംഗ് ചിലവുകള്‍, സ്ഥിരമായ ചിലവുകള്‍ എന്നിവയ്ക്ക് പുറമേയാണ് വില്പനക്കാരില്‍ നിന്ന് ആമസോണിന്റെ ലോജിസ്റ്റിക്‌സ്, ഡെലിവറി സേവനങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതിനുള്ള ഫീസ്, കമ്പനി ഈടാക്കിവരുന്നത്. ആമസോണില്‍ രജിസ്റ്റര്‍ ചെയ്ത വ്യാപാരികളില്‍ നിന്നും ഈടാക്കി വന്ന പഌറ്റ് ഫോം ഫീസ് 35 ശതമാനത്തില്‍ നിന്ന് 2022 ല്‍ 50 ശതമാനമാക്കി ഉയര്‍ത്തി.

ചെറുകിട, ഇടത്തരം വ്യാപാരികളില്‍ നിന്ന് സ്വരൂപിക്കുന്ന ഉയര്‍ന്ന പഌറ്റ് ഫോം ഫീസ് ഉപയോഗിച്ച്, കമ്പനിയ്ക്ക് താല്പര്യമുള്ളതും കമ്പനിയുടെ നിയന്ത്രണത്തിലുള്ളതുമായ വ്യാപാരികളുടെ ഉല്പന്നങ്ങള്‍ക്ക് വമ്പിച്ച വിലക്കിഴിവ് നല്‍കുന്നു. ആമസോണ്‍ മികച്ച വില്പനക്കാരനെ തെരഞ്ഞെടുക്കുന്ന 'ബൈ ബോക്‌സ്'നായി  രാജ്യാന്തര തലത്തില്‍ ഉപയോഗിക്കുന്ന അല്‍ഗോറിതം കൃത്രിമമാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ഇന്‍ഡ്യയില്‍ നടപ്പിലാക്കി വരുന്ന ഈ രീതിയും പരിശോധിക്കപ്പെടണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ഒന്നിലധികം ഘടങ്ങള്‍ ഒഴിവാക്കി, ഉല്പന്നങ്ങള്‍ വാങ്ങുന്നത് വളരെ എളുപ്പമാക്കിക്കൊണ്ട്, ഉപഭോക്താക്കളെ, അവരുടെ കാര്‍ട്ടുകളിലേയ്ക്ക് നേരിട്ട് ഉല്പന്നങ്ങള്‍ ചേര്‍ക്കാന്‍ അനുവദിക്കുന്ന ഒരു സവിശേഷ രീതിയാണ് 'ബൈബോക്‌സ്'.

ഇന്ത്യയുടെ വിദേശ നിക്ഷേപ നയത്തിനെതിരായും കോമ്പറ്റീഷന്‍ കമ്മീഷന്‍ വ്യവസ്ഥകള്‍ക്കെതിരായുമുള്ള ആമസോണിന്റെ പ്രവര്‍ത്തികള്‍ക്കെതിരെ ഇ.ഡി യുടെ മുന്‍പാകെയും,  കോമ്പറ്റീഷന്‍ കമ്മീഷന്‍ മുന്‍പാകെയും ഒന്നിലധികം പരാതികളും അന്വേഷണങ്ങളും നടന്നുവരുന്നുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്‍ഡ്യ നടത്തി വരുന്ന അന്വേഷണങ്ങള്‍ ത്വരിതപ്പെടുത്തണമെന്നും അന്വേഷണങ്ങളില്‍ തീര്‍പ്പുകല്പിക്കുന്നതു വരെ ആമസോണിന്റെ ഇന്‍ഡ്യയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചുകൊണ്ടുള്ള ഉത്തരവുണ്ടാകണമെന്നുമാണ് സംഘടന ആവശ്യപ്പെടുന്നത്.

 

Latest News