ന്യൂദല്‍ഹി - വനിതാ ഗുസ്തിതാരങ്ങള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ ബി ജെ പി എം പിയും ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍സിങ്ങ് നേരിട്ട് ഹാജരാകണമെന്ന് ദല്‍ഹി കോടതി ഉത്തരവിട്ടു. കേസിലെ കുറ്റപത്രം പരിഗണിച്ചാണ് കോടതി ഉത്തരവ്. ആറ് വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ പരാതിയില്‍ എടുത്ത കേസിന്റെ കുറ്റപത്രമാണ് അന്വേഷണ സംഘം റൂസ് അവന്യൂ കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ഹര്‍ജീത്സിങ് ജസ്പാലാണ് ബ്രിജ്ഭൂഷണ്‍ സിംഗിനോട് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ഉത്തരവിട്ടത്. ബ്രിജ്ഭൂഷണോടൊപ്പം കൂട്ടുപ്രതിയായ, സസ്പെന്‍ഷനിലുള്ള ഗുസ്തി ഫെഡറേഷന്‍ അസി. സെക്രട്ടറി വിനോദ് തോമാറും ഹാജരാകണം. ഏപ്രില്‍ 21നാണ് ഏഴ് വനിതാഗുസ്തിതാരങ്ങള്‍ ബ്രിജ്ഭൂഷണിന് എതിരെ കൊണോട്ട്പ്ലേസ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പൊലീസ് കേസെടുക്കാത്തതിനെ തുടര്‍ന്ന് ഗുസ്തിതാരങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. പ്രായപൂര്‍ത്തി ആകാത്ത താരം നല്‍കിയ പരാതിയിലും കേസെടുത്തുരുന്നുവെങ്കിലും പിന്നീട് ലൈംഗിക പീഡനം സംബന്ധിച്ച് ഈ പെണ്‍കുട്ടി പരാതി പിന്‍വലിച്ചു.