മുംബൈ- മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് അഭിജിത് പാന്‍സെ മുംബൈയില്‍ ഉദ്ധവ് സേന നേതാവ് സഞ്ജയ് റാവുത്തിനെ കണ്ടതിന് തൊട്ടുപിന്നാലെ അഭ്യൂഹങ്ങള്‍ പരക്കുന്നു. ശത്രുക്കളായ രാജ് താക്കറെയും ഉദ്ധവ് താക്കറെയും ഒരുമിപ്പിക്കാന്‍ ഇവര്‍ മധ്യസ്ഥത വഹിക്കുകയാണോ എന്നാണ് അഭ്യൂഹം. എന്നാല്‍ രാജ് താക്കറെയും ഉദ്ധവ് താക്കറെയും സഹോദരന്മാരാണെന്നും അവര്‍ക്കിടയില്‍ മധ്യസ്ഥത ആവശ്യമില്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
'ഉദ്ധവ് താക്കറെയ്ക്കോ രാജ് താക്കറെയ്ക്കോ മധ്യസ്ഥത ആവശ്യമില്ല. രാജ് താക്കറെയുമായുള്ള എന്റെ അടുത്ത ബന്ധവും ആര്‍ക്കും അജ്ഞാതമല്ല. ഞങ്ങളുടെ രാഷ്ട്രീയ പാതകള്‍ വ്യത്യസ്തമെങ്കിലും ഞങ്ങള്‍ക്ക് ഇന്നുവരെ വൈകാരികമായ അടുപ്പമുണ്ട്,' അവര്‍ക്ക് രാഷ്ട്രീയ സ്റ്റണ്ടുകളൊന്നും ആവശ്യമില്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
ചില സ്വകാര്യ ജോലികള്‍ക്കായാണ് താന്‍ സഞ്ജയ് റാവുത്തിനെ കണ്ടതെന്ന് അഭിജിത് പാന്‍സെ പറഞ്ഞു. സഞ്ജയ് റാവത്തിന്റെ വസതിയില്‍ പോയ അദ്ദേഹം പിന്നീട് റാവുത്തിനൊപ്പം ഉദ്ധവ് സേനയുടെ മുഖപത്രമായ സാമ്നയുടെ ഓഫീസിലെത്തി. 'സമീപകാല രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ച് (അത്തരം യോഗങ്ങളില്‍) ഒരു ചര്‍ച്ച നടക്കുമെന്ന് വ്യക്തമാണ്. എന്നാല്‍ ഞാന്‍ ഒരു നിര്‍ദ്ദേശവുമായി പോയിട്ടില്ല,' പാന്‍സെ പറഞ്ഞു.
അജിത് പവാര്‍ എന്‍.സി.പിയില്‍ നിന്ന് പിരിഞ്ഞതോടെ ശരദ് പവാറിന്റെ എന്‍.സി.പിയുടെയും മഹാ വികാസ് അഘാഡിയുടെയും ഭാവി അവ്യക്തമാണ്. ഈ സാഹചര്യത്തിലാണ് ഉദ്ധവും രാജ് താക്കറെയും ഒന്നിച്ചേക്കുമെന്ന ഊഹാപോഹങ്ങള്‍ ഉയരുന്നത്. രാജ് താക്കറെ 2005ലാണ് ശിവസേന വിട്ട് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തുടങ്ങിയത്. സഹോദരന്‍മാര്‍ തമ്മിലുള്ള രാഷ്ട്രീയ ശത്രുത തുടര്‍ന്നെങ്കിലും ഇടയ്ക്കിടെ അവര്‍ കണ്ടുമുട്ടുമായിരുന്നു.