കൊച്ചി - അബ്ദുന്നാസര്‍ മഅ്ദനിക്ക് നീതി ലഭിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍ നടത്തുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. ഒരു കൊലപാതകിയ്ക്ക് ലഭിക്കുന്ന നീതി പോലും അദ്ദേഹത്തിന് ലഭിച്ചില്ലെന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയെ സന്ദര്‍ശിച്ച ശേഷം മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നിയോഗിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ മഅ്ദനിക്ക് വേണ്ടി ഇടപെടല്‍ നടത്തും. കര്‍ണാട സര്‍ക്കാരിന്റെ നിലപാടിനനുസരിച്ച് ബാക്കി കാര്യങ്ങള്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ജാമ്യവ്യവസ്ഥയില്‍ ഇളവ് കിട്ടി നാട്ടിലെത്തിയ മഅ്ദനി ഇന്ന് രാത്രിയോടെ ബെംഗളുരുവിലേക്ക് മടങ്ങാനിരിക്കെയാണ് മന്ത്രിയുടെ സന്ദര്‍ശനം. ചികിത്സയില്‍ കഴിയുന്ന ബാപ്പയെ കാണാനാണ് മഅ്ദനിക്ക് കോടതി 12 ദിവസത്തേക്ക് കേരളത്തിലേക്ക് വരാന്‍ അനുമതി നല്‍കിയിരുന്നത്. എന്നാല്‍ വിമാനത്തില്‍ കൊച്ചിയില്‍ എത്തിയ ഉടന്‍ തന്നെ അദ്ദേഹത്തെ ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അതിനാല്‍ ബാപ്പയെ കാണാനാകാതെയാണ് അദ്ദേഹം മടങ്ങുന്നത്. ഇന്ന് വൈകുന്നേരത്തോടെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി ബെംഗളുരുവിലേക്ക് പോകാനായി അദ്ദേഹം വിമാനത്താവളത്തിലേക്ക് പോകും. ഇന്നലെ കെ ടി ജലീല്‍ എം എല്‍ എയും അബ്ദുന്നാസര്‍ മഅ്ദനിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.