Sorry, you need to enable JavaScript to visit this website.

ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു, ചിത്രകലയിലെ അതുല്യ പ്രതിഭ

എടപ്പാൾ- മലയാളത്തിൽ വരകൊണ്ട് മാസ്മരികത സൃഷ്ടിച്ച ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു 98 വയസായിരുന്നു. അസുഖത്തെ തുടർന്ന് കോട്ടക്കൽ മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എടപ്പാളിലെ നടുവട്ടത്തെ വീട്ടിൽനിന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. രാത്രി 12.21ന് ആണ് മരണം സംഭവിച്ചത്. സംസ്‌കാരം വെള്ളിയാഴ്ച നടക്കും. 
1925 ൽ പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജ്ജനത്തിന്റെ മകനായാണ് ജനനം. കുട്ടിക്കാലം മുതൽ ചിത്രം വരച്ചുതുടങ്ങി. നമ്പൂതിരിയുടെ വരയോടുള്ള താൽപര്യം തിരിച്ചറിഞ്ഞ് പ്രശസ്ത ശിൽപിയും ചിത്രകാരനുമായ വരിക്കാശേരി കൃഷ്ണൻ നമ്പൂതിരിയാണ് മദ്രാസ് ഫൈൻആർട്‌സ് കോളജിലെത്തിച്ചത്. അവിടെ കെ.സി.എസ്. പണിക്കർ, റോയ് ചൗധരി, എസ്. ധനപാൽ തുടങ്ങിയ പ്രഗത്ഭരുടെ ശിഷ്യനായി. പിൽക്കാലത്ത് കെസിഎസ് ചോളമണ്ഡലം കലാഗ്രാമം സ്ഥാപിച്ചപ്പോൾ അതിനൊപ്പം പ്രവർത്തിച്ചു. 
1960 ൽ മാതൃഭൂമിയിൽ ചേർന്നു. എംടിയും വികെഎന്നും അടക്കമുള്ള ഒട്ടുമിക്ക എഴുത്തുകാരുടെയും രചനകൾക്കു വേണ്ടി വരച്ചു. കലാകൗമുദിയിലും സമകാലിക മലയാളത്തിലും ജോലി ചെയ്തു. മലയാള സാഹിത്യത്തിലെ പ്രകാശസ്തംഭങ്ങളായ പല രചനകളും വായനക്കാരിലെത്തിയത് നമ്പൂതിരിയുടെ വരയ്‌ക്കൊപ്പമാണ്. മോഹൻലാലിന്റെ ആവശ്യപ്രകാരം, ശങ്കരാചാര്യരുടെ സൗന്ദര്യലഹരി അടിസ്ഥാനമാക്കി വരച്ച പെയ്ന്റിങ് പ്രശസ്തമാണ്. 

അരവിന്ദന്റെ ഉത്തരായനം, കാഞ്ചനസീത എന്നീ സിനിമകളുടെ കലാസംവിധായകനായി പ്രവർത്തിച്ചു. കേരള ലളിതകലാ അക്കാദമിയുടെ രാജാ രവിവർമ പുരസ്‌കാരം, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യ അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചു. ഭാര്യ: മൃണാളിനി. മക്കൾ: പരമേശ്വരൻ, വാസുദേവൻ.

Latest News