മദീന - മദീനയിലും റിയാദിലും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ സംഘങ്ങൾ പദ്ധതി പ്രദേശങ്ങളിൽ നടത്തിയ പരിശോധനകളിൽ 57 മധ്യാഹ്ന വിശ്രമ നിയമ ലംഘനങ്ങൾ കണ്ടെത്തി. മദീനയിൽ പതിനാറു നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. നിയമം ലംഘിച്ച് ഉച്ച സമയത്ത് തൊഴിലാളികളെ കൊണ്ട് പൊരിവെയിലത്ത് ജോലി ചെയ്യിച്ച സ്ഥാപനങ്ങൾക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചു. മദീനയിൽ ലേഡീസ് ഷോപ്പുകളിലും ജ്വല്ലറികളിലും റെന്റ് എ കാർ സ്ഥാപനങ്ങളിലും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖാ സംഘങ്ങൾ നടത്തിയ പരിശോധനകളിൽ 11 നിയമ ലംഘനങ്ങളും കണ്ടെത്തി.
സൗദി ജീവനക്കാരുമായി ഒപ്പുവെച്ച തൊഴിൽ കരാറുകളില്ലാത്തതിന് ഏഴു സ്ഥാപനങ്ങൾക്ക് വാണിംഗ് നോട്ടീസ് നൽകി. ആകെ 67 സ്ഥാപനങ്ങളിലാണ് കഴിഞ്ഞ ദിവസം മദീന തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖാ സംഘങ്ങൾ പരിശോധനകൾ നടത്തിയത്.
റിയാദിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖാ സംഘങ്ങൾ പദ്ധതി പ്രദേശങ്ങളിൽ നടത്തിയ പരിശോധനകളിൽ 41 ഉച്ച വിശ്രമ നിയമ ലംഘനങ്ങൾ കണ്ടെത്തി. ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനു മുന്നോടിയായി ചോദ്യം ചെയ്യുന്നതിന് മൂന്നു സ്ഥാപനങ്ങളുടെ അധികൃതരെ മന്ത്രാലയം വിളിപ്പിച്ചു.