കൊച്ചി - പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ സന്ദർശിച്ച് ഡോ. കെ.ടി ജലീൽ എം.എൽ.എ. ബാപ്പയെ ഒരുനോക്കു കാണാനാകാത്ത വിഷമവും ഉമ്മയുടെ ഖബറിടം തൊട്ട് രണ്ടിറ്റ് കണ്ണീർ വാർത്ത് പ്രാർത്ഥിക്കാൻ കഴിയാത്ത മനോവേദനയും പേറിയാണ് നീതി നിഷേധത്തിന്റെ പ്രതീകമായ അബ്ദുന്നാസർ മഅ്ദനി നാളെ ബെംഗളൂരുവിലേക്ക് മടങ്ങുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ജാമ്യ ഇളവ് അവസാനിച്ചതോടെ നാളെ മഅ്ദനി ബെംഗളൂരുവിലേക്ക് തിരികെ പോകും. ഒരു മനുഷ്യനെ കൊല്ലാക്കൊല ചെയ്യുന്ന ഹൃദയശൂന്യമായ ഏർപ്പാട് അത്യന്തം ഖേദകരമാണെന്നും വർഷങ്ങൾ നീണ്ട ജയിൽവാസം മഅ്ദനിയുടെ മനസ്സിനെ തളർത്തിയിട്ടേയില്ല. അൽപം ദൂരെയിരുന്നാണ് ഭരണകൂട ഭീകരതയുടെ ഇരയെ കണ്ടത്. ശരീരത്തെ ക്ഷീണം വരിഞ്ഞ് മുറുക്കിയിട്ടുണ്ടെങ്കിലും കണ്ണുകളിൽ ജ്വലിക്കുന്ന പ്രകാശത്തിളക്കത്തിന് ഒട്ടും കുറവു വന്നിട്ടില്ലെന്നും ഡോ. കെ.ടി ജലീൽ വ്യക്തമാക്കി.
12 ദിവസത്തെ ജാമ്യ ഇളവ് നേടി, രോഗിയായ പിതാവിനെ കാണാൻ കേരളത്തിലെത്തിയ മഅ്ദനിക്ക് കൊച്ചിയിൽനിന്നും വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യമുണ്ടായി രോഗം മൂർച്ഛിച്ച് ആശുപത്രിയിൽ കഴിയേണ്ട സ്ഥിതിയാണുണ്ടായത്. അതിനിടക്ക് രോഗിയായ പിതാവിനെ കൊച്ചിയിലെത്തിച്ച് കാണാൻ അവസരം ഉണ്ടാക്കാമെന്ന് കുടുംബത്തിലും മറ്റും ആലോചന നടന്നെങ്കിലും അത് നടന്നില്ല.
ഡോ. കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
മഅദനിയെ കണ്ടു,
അബ്ദുന്നാസർ മഅ്ദനിയെ എറണാങ്കുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ സന്ദർശിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും ഗുരുതരാവസ്ഥ മറികടന്നിട്ടില്ല. അവശനായി രോഗശയ്യയിൽ കഴിയുന്ന തന്റെ വന്ദ്യനായ പിതാവിനെ കാണാനും പരലോകം പൂകിയ പ്രിയ മാതാവിന്റെ ഖബറിടം സന്ദർശിക്കാനുമാണ് ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ അനുവാദത്തോടെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് മഅ്ദനി കേരളത്തിൽ എത്തിയത്. വീട്ടിലേക്കുള്ള യാത്രാമധ്യേ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് അദ്ദേഹത്തെ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. വാർത്ത കേട്ടതു മുതൽ മഅ്ദനിയുടെ മുഖ്യസഹായികളിൽ ഒരാളായ റജീബുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരുന്നു. കുറച്ചൊരു ആശ്വാസമായപ്പോൾ റജീബ് അറിയിച്ചു. വന്നാൽ ദൂരെ നിന്നൊന്ന് കാണാൻ പറ്റുമോ എന്ന് തിരക്കി. റജീബിന്റെ മറുപടി മനമില്ലാ മനസ്സോടെയായിരുന്നു. എന്നാലും പോകാൻ തന്നെ തീരുമാനിച്ചു.
അൽപം ദൂരെയിരുന്നാണ് ഭരണകൂട ഭീകരതയുടെ ഇരയെ കണ്ടത്. ശരീരത്തെ ക്ഷീണം വരിഞ്ഞ് മുറുക്കിയിട്ടുണ്ട്. കണ്ണുകളിൽ ജ്വലിക്കുന്ന പ്രകാശത്തിളക്കത്തിന് ഒട്ടും കുറവു വന്നിട്ടില്ല. രക്തത്തിലെ ക്രിയാറ്റിന്റെ അളവ് അപകടകരമാംവിധം ഉയർന്നു നിൽക്കുകയാണ്. ഞാനെത്തിയ വിവരമറിഞ്ഞ മഅ്ദനി സാഹിബ് എനിക്കഭിമുഖമായി ചെരിഞ്ഞ് കിടന്നു. ഏതാനും സമയം ഒന്നും മിണ്ടാതെ ഞങ്ങൾ മുഖാമുഖം നോക്കി. മൗനത്തിന് വിടചൊല്ലി ഞാനാണ് സംസാരത്തിന് തുടക്കമിട്ടത്. പറഞ്ഞതെല്ലാം അദ്ദേഹം സശ്രദ്ധം കേട്ടു. ഒന്നോ രണ്ടോ വാക്കുകളിൽ പ്രതികരിച്ചു. സലാം പറഞ്ഞ് അഭിവാദ്യം ചെയ്ത് മടങ്ങി. അപ്പോൾ അവിടെയെത്തിയ മുൻ അഡീഷണൽ അഡ്വക്കറ്റ് ജനറൽ അഡ്വ. വി.കെ ബീരാൻ സാഹിബുമായും പി.ഡി.പി നേതാക്കളുമായും വേദനയും ആശങ്കയും പങ്കുവെച്ചു. അബ്ദുൽ നാസർ മഅ്ദനി ബാഗ്ലൂരിലെ വീട്ടുതടങ്കലിലേക്ക് ഉടൻ തിരിച്ചു പോകും.
കോടതി നൽകിയ ദിവസങ്ങൾ കഴിഞ്ഞു. ബാപ്പയെ ഒരുനോക്കു കാണാനാകാത്ത വിഷമവും ഉമ്മയുടെ ഖബറിടം തൊട്ട് രണ്ടിറ്റ് കണ്ണീർ വാർത്ത് പ്രാർത്ഥിക്കാൻ കഴിയാത്ത മനോവേദനയും പേറിയാണ് നീതി നിഷേധത്തിന്റെ പ്രതീകമായ അദ്ദേഹം മടങ്ങുന്നത്. വർഷങ്ങൾ നീണ്ട ജയിൽവാസം മഅ്ദനിയുടെ മനസ്സിനെ തളർത്തിയിട്ടേയില്ല. കോയമ്പത്തൂർ കേസിൽ അദ്ദേഹത്തെ പൂർണ്ണമായും കോടതി കുറ്റവിമുക്തനാക്കി. കുടകിലെ ഗൂഢാലോചന കേസിലും സമാന വിധിയല്ലാതെ മറ്റൊന്നും വരാൻ ഇടയില്ല. അതുകൊണ്ടാകുമോ വിചാരണയുടെ അനന്തമായ ഈ നീളൽ! ഒരു മനുഷ്യനെ കൊല്ലാക്കൊല ചെയ്യുന്ന ഹൃദയശൂന്യമായ ഏർപ്പാട് അത്യന്തം ഖേദകരമാണ്. മുഹമ്മദ് നബിയെ പ്രവാചകനായി അംഗീകരിച്ചതിന്റെ പേരിൽ ശത്രുക്കളുടെ ക്രൂരമർദ്ദനങ്ങൾക്ക് ഇരയായ യാസറിന്റെ മകൻ അമ്മാറിനോടും കുടുംബത്തോടും നബി തിരുമേനി വിളിച്ചു പറഞ്ഞ വാക്കുകൾ അവിടം മുഴുവൻ പ്രതിദ്ധ്വനിക്കുന്നത് പോലെ തോന്നി; 'യാസിർ കുടുംബമേ ക്ഷമിക്കുക. നിങ്ങളുടെ വാഗ്ദത്ത സ്ഥലം സ്വർഗ്ഗമാണ്'.