ന്യൂദൽഹി- പാർട്ടിയിൽ അവകാശവാദം ഉന്നയിച്ചതുമായി ബന്ധപ്പെട്ട് തന്നെ അറിയിക്കാത്തത് എന്തുകൊണ്ടാണന്ന് എൻ.സി.പി പ്രസിഡന്റ് ശരദ് പവാർ. മുംബൈയിൽ എൻ.സി.പി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു ശരദ് പവാർ. അജിത് പവാർ വിഭാഗത്തിന് 'നിയമപരമായ പവിത്രത' ഇല്ലെന്നും ശരദ് പവാർ വ്യക്തമാക്കി.
ഭരണസഖ്യത്തിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത ഒമ്പത് വിമത എം.എൽ.എമാരെയും വിമതർക്കൊപ്പം നിന്ന പ്രഫുൽ പട്ടേൽ, സുനിൽ തത്കരെ, എസ്.ആർ കോഹ്‌ലി എന്നിവരെയും പുറത്താക്കിയതിന് യോഗം അംഗീകാരം നൽകി. പാർട്ടിയുടെ 27 സംസ്ഥാന ഘടകങ്ങളും ശരദ് പവാറിനൊപ്പമാണെന്ന് യോഗത്തിന് ശേഷം നേതാക്കൾ പറഞ്ഞു. തന്റെ അനന്തരവൻ കൂടിയായ അജിത് പവാർ പാർട്ടി ചിഹ്നത്തിന് അവകാശവാദം ഉന്നയിക്കുന്നതിനെക്കുറിച്ച് തന്നെ അറിയിക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച് ശരദ് പവാർ തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു. നിയമോപദേശം സ്വീകരിക്കുമെന്നും മുന്നോട്ടുള്ള വഴിയെക്കുറിച്ച് പാർട്ടി നേതാക്കളുമായി ചർച്ച നടത്തുമെന്നും നേതാക്കൾ സൂചിപ്പിച്ചു. ശരദ് പവാറിനെ പിന്തുണച്ച് നിരവധി പേരാണ് പാർട്ടി ആസ്ഥാനത്തിന് മുന്നിൽ തടിച്ചുകൂടിയത്. ഞാൻ എൻസിപിയുടെ പ്രസിഡന്റാണ്, ആരെങ്കിലും അവരാണ് പ്രസിഡന്റ് എന്ന് പറഞ്ഞാൽ അത് പൂർണ്ണമായും തെറ്റാണെന്ന് യോഗത്തിന് ശേഷം ശരദ് പവാർ മാധ്യമങ്ങളോട് പറഞ്ഞു.
വൈകിട്ട് ശരദ് പവാറുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി. പവാറിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച രാഹുൽ ഗാന്ധി, വർഗീയ ശക്തികൾക്കെതിരായ പോരാട്ടത്തിൽ പാർട്ടിക്കൊപ്പം നിൽക്കുന്നതായും പറഞ്ഞു.