പാരീസ്- ഫ്രാന്‍സില്‍ കലാപത്തിന് കാരണമായ കൗമാരക്കാരന്റെ കൊലപാതകത്തില്‍ പ്രതിക്കൂട്ടിലായ പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തെ സഹായിക്കാന്‍ ആരംഭിച്ച ധനസമാഹരണത്തിന് വന്‍ പ്രതികരണം. സംഭവത്തില്‍ കൊല്ലപ്പെട്ട ഇരയായ 17കാരന്‍ നഹാലിന്റെ കുടുംബത്തിന് ലഭിച്ച സഹായ ധനത്തിന്റെ നാലിരട്ടിയാണ് നഹാലിനെ വെടിവെച്ചുകൊന്ന പോലീസുകാരന്റെ കുടുംബത്തിന്റെ പേരില്‍ ലഭിച്ചിരിക്കുന്നത്.
ഫ്രഞ്ച് പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് ഫണ്ട് ശേഖരിക്കുന്നതിന് ആരംഭിച്ച കാമ്പയിനില്‍ ചൊവ്വാഴ്ച വരെ ലഭിച്ചത് 1.47 മില്യണ്‍ യൂറോ (1.6 മില്യണ്‍ ഡോളര്‍). നഹാലിന്റെ കുടുംബത്തിനാകട്ടെ നാല് ലക്ഷം യൂറോയാണ് ലഭിച്ചത്.
സി. എന്‍. എന്‍ റിപ്പോര്‍ട്ട് പ്രകാരം പോലീസ് ഉദ്യോഗസ്ഥനെ സഹായിക്കാന്‍ രംഗത്തെത്തിയത് 85,000-ത്തിലധികം ആളുകളാണെങ്കില്‍ നഹാലിന്റെ കുടുംബത്തിന് സാമ്പത്തിക പിന്തുണയുമായി എത്തിയത് 21,000 പേര്‍ മാത്രമായിരുന്നു.
ഫ്രഞ്ച് തീവ്ര വലതുപക്ഷ മാധ്യമ പ്രവര്‍ത്തകനായ ജീന്ഡ മെസിഹയാണ് യു എസ് പ്ലാറ്റ്‌ഫോമായ ഗോഫണ്ട് മിയില്‍ ക്രൗഡ് ഫണ്ടിംഗ് ആരംഭിച്ചത്. ഇതില്‍ 72,000-ലധികം സ്വകാര്യ സംഭാവനകളാണ് ലഭിച്ചത്. പോലീസ് ഉദ്യോഗസ്ഥന്‍ ദേശീയ മന്ത്രവാദ വേട്ടയുടെ ഇരയാണെന്നും ഇത് അപമാനമാണെന്നുമായിരുന്നു മെസിഹ ട്വീറ്റ് ചെയ്തത്.
ജീന്‍ മെസ്സിഹ തീകൊണ്ടാണ് കളിക്കുന്നതെന്നാണ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഭരണകക്ഷിയിലെ എം. പി എറിക് ബോത്തോറല്‍ പറഞ്ഞത്. ധനസമാഹരണത്തെ അപകീര്‍ത്തികരമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.