റിയാദ്- ഏറെ കാത്തിരിപ്പിനും മുറവിളികൾക്കും ഒടുവിൽ മലബാർ മേഖലയിലുള്ളവർക്ക് ആശ്വാസമായി കോഴിക്കോട് വി.എഫ്.എസ് കേന്ദ്രം പ്രവർത്തനം തുടങ്ങുകയാണ്. സൗദിയിലേക്ക് അടക്കം വിസ സ്റ്റാമ്പ് ചെയ്യുന്നതിന് വേണ്ടിയുള്ള കേന്ദ്രം കോഴിക്കോട്ടും പ്രവർത്തനം തുടങ്ങുന്നത് പ്രവാസികൾക്കും അവരുടെ കുടുംബത്തിനും ഏറെ ആശ്വാസകരമാണ്. വി.എഫ്.എസ് കേന്ദ്രത്തിൽ എത്തുന്നവർ അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാന കാര്യങ്ങൾ ഇവയാണ്. പ്രവാസികളുടെയും കുടുംബത്തിന്റെയും താൽപര്യാർത്ഥം മലയാളം ന്യൂസ് പ്രസിദ്ധീകരിക്കുന്നത്.
വിസയിൽ പേരുള്ളവർക്ക് മാത്രമേ വിഎസ്എഫ് സെന്ററിലേക്ക് പ്രവേശനമുണ്ടാവുകയുള്ളൂ. കൈകുഞ്ഞുണ്ടെങ്കിൽ ഒരാൾക്ക് കൂടി അകത്തേക്ക് കടക്കാം.
വിസിറ്റ് വിസക്കുള്ള അപേക്ഷയാണെങ്കിൽ സൗദിയിലെ വിസ ദാതാവിന്റെ, അതായത് വിസ നൽകുന്ന ആളുടെ ഇഖാമ കോപ്പി, പാസ്‌പോർട്ട് കോപ്പി, വിസയിൽ പേരുള്ളവരുടെ പാസ്‌പോർട്ട് കോപ്പി, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഒറിജിനൽ പാസ്‌പോർട്ട്, അപോയിൻമെന്റ് പ്രിന്റ്, വിസ പ്രിന്റ് എന്നിവ കൂടെക്കരുതണം. പാസ്‌പോർട്ട സൈസ് ഫോട്ടോ പുതിയ സൈസിലാണ് നൽകേണ്ടത്. 2 *2 സൈസിൽ വൈറ്റ് ബാക് ഗ്രൗണ്ടോട് കൂടിയതാണ് പുതിയ സൈസ്.
വിസയിൽ പേരുള്ളവരുടെ പഴയ പാസ്‌പോർട്ടുകളും സബ്മിറ്റ് ചെയ്യണം. അതില്ലെങ്കിൽ റിജക്ട് ആവും. ഒരിക്കൽ റിജക്ട് ആയാൽ ഒരാഴ്ച കഴിഞ്ഞേ അപോയിൻമെന്റ് കിട്ടൂ. അപോയിൻമെന്റിൽ പറയുന്ന സംഖ്യയേക്കാൾ കൂടുതൽ കയ്യിൽ കരുതണം. ഇൻഷുറൻസ്, സർവീസ് ചാർജ് എന്നിവ അധിക ചാർജ് നൽകേണ്ടിവരും. ഒരാൾക്ക് മിനിമം 13000 രൂപയോടടുത്ത് വരും സാധാരണ മൊത്തം ചാർജ്. ചെറിയ കുട്ടികൾക്കും പ്രായമാവർക്കും 19000 രൂപക്കടുത്ത് വരും. ചാർജ് പൂർണമായി കയ്യിൽ കരുതിയില്ലെങ്കിൽ അപേക്ഷ സ്വീകരിക്കില്ല. ബയോമെട്രിക് എടുത്ത് പണമടച്ചാൽ റസീറ്റും ഇൻഷുറൻസ് കോപ്പിയും നൽകും. പോസ്‌പോർട്ടുകൾ 15 ദിവസം കഴിഞ്ഞാൽ വിഎഫ്എസിൽ പോയി വാങ്ങിയാൽ മതി.
പാസ്‌പോർട്ട് സ്വീകരിക്കാൻ എത്തുമ്പോൾ മൊബൈലിൽ മെസേജ് വരും. പോകുമ്പോൾ ആധാർ കാർഡ് കോപ്പിയും റസീറ്റും കയ്യിൽ കരുതണം. വിസയിൽ പേരില്ലാത്തവരാണ് സ്വീകരിക്കാൻ പോകുന്നതെങ്കിലും അവരുടെ ആധാർ കോപ്പിയും ഓഥറൈസേഷൻ ലെറ്ററും അധികമായി കയ്യിൽ കരുതണം.
വിസയിലെയും പാസ്‌പോർട്ടിലെയും പേരിലെ അക്ഷരങ്ങൾ വ്യത്യാസമുണ്ടാകരുത്. ഭർത്താവിന്റെ പാസ്‌പോർട്ടിൽ ഭാര്യയുടെ പേരില്ലെങ്കിൽ മാരേജ് സർട്ടിഫിക്കറ്റ് വേണ്ടിവരും. മറ്റു ബന്ധുക്കളാണെങ്കിൽ ബന്ധം തെളിയിക്കുന്ന രേഖകൾ വേണം. അപോയിൻമെന്റിന്റെ കാൽമണിക്കൂർ മുമ്പ് മാത്രമേ പ്രവേശനം അനുവദിക്കൂ..
മേൽപ്പറഞ്ഞ കാര്യങ്ങൾ കൃത്യമായി ശ്രദ്ധിക്കുക..