Sorry, you need to enable JavaScript to visit this website.

രാജസ്ഥാനിലെ പ്രശ്‌നങ്ങൾ പരിഹരിച്ചുവെന്ന് കോൺഗ്രസ്, സന്തോഷത്തോടെ സച്ചിൻ പൈലറ്റ്

ന്യൂദൽഹി- രാജസ്ഥാനിലെ കോൺഗ്രസിനകത്തെ പ്രതിസന്ധിക്ക് പരിഹാരം കണ്ടതായി ഹൈക്കമാൻഡ് നേതൃത്വം വ്യക്തമാക്കി. രാജസ്ഥാനിലെ മുൻ വസുന്ധര രാജെ ഭരണത്തിനെതിരായ അഴിമതിക്കേസുകളിൽ അന്വേഷണം ഉൾപ്പെടെയുള്ള മൂന്ന് ആവശ്യങ്ങളിൽ നടപടിയെടുക്കാൻ അശോക് ഗെലോട്ട് സർക്കാരിന് നിർദേശം നൽകുമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് സച്ചിൻ പൈലറ്റിന് ഉറപ്പുനൽകി.  പാർട്ടി ഫോറങ്ങൾക്ക് പുറത്ത് സംസാരിക്കുന്ന നേതാക്കൾക്കെതിരെ ഹൈക്കമാന്റ് ശക്തമായ മുന്നറിയിപ്പ് നൽകി. 
പൈലറ്റും ഗെഹ്‌ലോട്ടും തമ്മിൽ ഏറെ നാളായി തുടരുന്ന തർക്കം തീർക്കാനായി ചേർന്ന യോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മുതിർന്ന നേതാവ് രാഹുൽ ഗാന്ധിയും പങ്കെടുത്തു. സംസ്ഥാനത്ത് നിന്നുള്ള 28 നേതാക്കൾക്കൊപ്പം പൈലറ്റും നാല് മണിക്കൂർ നീണ്ട ചർച്ചകളിൽ പങ്കെടുത്തു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടിയെ ഒരുക്കലിനാണ് മുൻഗണന. 
അച്ചടക്കം പാലിക്കാൻ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പിന്നീട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതികൾ ജനങ്ങളിലെത്തിക്കുന്നതിനായി പാർട്ടിയുടെ രാജസ്ഥാൻ ഘടകം വെള്ളിയാഴ്ച മുതൽ വീടുവീടാന്തരം പ്രചാരണം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
'ഞങ്ങൾ എല്ലാ വിഷയങ്ങളും തുറന്ന മനസ്സോടെ ചർച്ച ചെയ്തു... ഞാൻ ചില വിഷയങ്ങൾ പരസ്യമായി ഉന്നയിച്ചിരുന്നു  പേപ്പർ ചോർച്ച പ്രശ്‌നം, പബ്ലിക് സർവീസ് കമ്മീഷൻ എങ്ങനെ പരിഷ്‌കരിക്കാം, മുൻ സർക്കാരിന്റെ അഴിമതി പ്രശ്‌നങ്ങൾ തുടങ്ങിയ വിഷയങ്ങളെല്ലാം ഉന്നയിച്ചിരുന്നു. ഇക്കാര്യങ്ങളിൽ നടപടിയെടുക്കാൻ എഐസിസി ഒരു രൂപരേഖ തയാറാക്കിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്നും പൈലറ്റ് പറഞ്ഞു. 

രാജസ്ഥാന്റെ എഐസിസി ചുമതലയുള്ള സുഖ്ജീന്ദർ സിംഗ് രൺധാവ, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോതസ്ര എന്നിവരുമായി നടത്തിയ വാർത്താ സമ്മേളനത്തിൽ, പൈലറ്റും ഗെലോട്ടും തമ്മിലുള്ള തർക്കത്തിൽ പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്ന ചോദ്യത്തിൽ നിന്ന് വേണുഗോപാൽ ഒഴിഞ്ഞുമാറി. 'ഞങ്ങളുടെ ചരിത്രം നിങ്ങൾക്കറിയാം. ഞങ്ങൾ ഒരിക്കലും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കില്ല. എന്നാൽ തിരഞ്ഞെടുപ്പിൽ ഒരുമിച്ച് പോരാടും. ഒരു ഗവൺമെന്റുണ്ട്, നല്ല ജോലി ചെയ്യുന്ന ഒരു നല്ല ഗവൺമെന്റ് ഉണ്ട്. ആ പ്രവൃത്തി ഫലം നൽകുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. സമ്പൂർണ ഐക്യമുണ്ടെങ്കിൽ രാജസ്ഥാൻ എളുപ്പത്തിൽ വിജയിക്കാനാകമെന്ന് വേണുഗോപാൽ കൂട്ടിച്ചേർത്തു. നേരത്തെ, അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു, എന്നാൽ ഇന്നത്തെ യോഗത്തിന്റെ പ്രത്യേകത, തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടണമെന്ന് മുഴുവൻ നേതൃത്വവും ഒറ്റക്കെട്ടായി തീരുമാനിച്ചു എന്നതാണ്. ഇന്ന് മുതൽ എല്ലാവരും കർശനമായ അച്ചടക്കം പാലിക്കണം. എന്തൊക്കെ പ്രശ്‌നങ്ങളുണ്ടായാലും പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യണം. പുറത്ത്, സർക്കാരിനെതിരെയായാലും പാർട്ടിക്കെതിരെയായാലും ഉൾപാർട്ടി രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കാൻ ആർക്കും സ്വാതന്ത്ര്യമില്ല. ആരെങ്കിലും സംസാരിച്ചാൽ കർശനമായ അച്ചടക്ക നടപടിയുണ്ടാകുമെന്നും വേണുഗോപാൽ പറഞ്ഞു.
 

Latest News