ഭോപ്പാല്‍- ആദിവാസി യുവാവിന്റെ മുഖത്തും തലയിലും ബി. ജെ. പി നേതാവ് മൂത്രമൊഴിച്ച നടപടി തിരിച്ചടിക്കുമെന്ന് ബോധ്യം വന്ന പാര്‍ട്ടി പുതിയ തന്ത്രവുമായി രംഗത്ത്. മധ്യപ്രദേശ് മുഖ്യമന്ത്രി ആദിവാസി യുവാവിന്റെ കാലുകഴുകിയാണ് വിവാദത്തില്‍ നിന്നും രക്ഷപ്പെടാന്‍ ബി. ജെ. പി ശ്രമിക്കുന്നത്.
ബി. ജെ. പി നേതാവ് പ്രവേശ് ശുക്ല മുഖത്തും തലയിലും മൂത്രമൊഴിച്ച ആദിവാസി യുവാവ് ദാഷ്മത് റാവത്തിന്റെ കാലാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന് കഴുകിയത്.
മൂത്രമൊഴിക്കല്‍ വിവാദമായതോടെ ദാഷ്മത്തിനെ മുഖ്യമന്ത്രി വസതിയിലേക്ക് ക്ഷണിക്കുകയും കാലുകള്‍ കഴുകിക്കൊടുക്കുകയുമായിരുന്നു. മൂത്രമൊഴിക്കുന്ന ദൃശ്യങ്ങള്‍ തന്നെ വലിയ രീതിയില്‍ അസ്വസ്ഥനാക്കിയെന്നും മാപ്പപേക്ഷിക്കുന്നുവെന്നും തന്നെ സംബന്ധിച്ചിടത്തോളം ജനങ്ങള്‍ തന്നെയാണ് ദൈവമെന്നും മുഖ്യമന്ത്രി ദാഷ്മതിനോട് പറഞ്ഞു. ദാഷ്മത്തിന്റെ കാലു കഴുകുന്ന ചിത്രങ്ങളും ചൗഹാന് പുറത്തു വിട്ടു.
ദാഷ്മത്തിന്റെ തലയില്‍ മൂത്രമൊഴിച്ച പ്രവേശ് ശുക്ലയെ അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ രേവയിലെ ജയിലിലാണ് ശുക്ല.