ന്യൂദൽഹി- നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്), സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്), സ്റ്റേറ്റ് ലെവൽ എലിജിബിലിറ്റി ടെസ്റ്റ് (എസ്.എൽ.ഇ.ടി) എന്നിവ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള നിയമനത്തിന് ഏറ്റവും കുറഞ്ഞ മാനദണ്ഡമായി പ്രഖ്യാപിച്ച് യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ (യു.ജി.സി). നെറ്റ്, സെറ്റ്, എസ്.എൽ.ഇ.ടി എന്നിവയാണ് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് നേരിട്ട് നിയമിക്കുന്നതിനുള്ള കുറഞ്ഞ മാനദണ്ഡമെന്ന് പുതിയ ഉത്തരവിൽ യു.ജി.സി വ്യക്തമാക്കി. പി.എച്ച്.ഡി യോഗ്യത അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് നിർബന്ധമല്ലെന്നും ഓപ്ഷണലായിരിക്കുമെന്നും യു.ജി.സി അറിയിച്ചു. എല്ലാ സർവകലാശാലകളും കോളജുകളും അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് നേരിട്ടുള്ള റിക്രൂട്ട്മെന്റിന് ഈ മാനദണ്ഡം പാലിക്കണമെന്ന് യു.ജി.സി ഉത്തരവിൽ പറയുന്നു. പുതുക്കിയ ചട്ടം ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖയിൽ കാതലായ മാറ്റം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് യു.ജി.സി വൃത്തങ്ങൾ വ്യക്തമാക്കി.