കൊച്ചി- കേരളത്തിലെ ബി. ജെ. പിയുടെ പുനഃസംഘടനയെക്കുറിച്ചും കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചും തനിക്കറിയില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളില്‍ പുതിയ ബി. ജെ. പി അധ്യക്ഷന്മാരെ ബുധനാഴ്ച പ്രഖ്യാപിക്കുമെന്ന വിവരങ്ങള്‍ പുറത്തു വന്നതിന് പിന്നാലെയാണ് വി. മുരളീധരന്റെ പ്രസ്താവന.
കേരളത്തില്‍ കെ. സുരേന്ദ്രനെ മാറ്റി ബി. ജെ. പി അധ്യക്ഷ സ്ഥാനം മുരളീധരനു നല്‍കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. ഇക്കാര്യത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അധ്യക്ഷ സ്ഥാനം മുരളീധരനു കൈമാറിയ ശേഷം കേരളത്തില്‍ നിന്നും രാജ്യസഭയിലേക്ക് സുരേഷ്ഗോപിയെ തെരഞ്ഞെടുത്ത് കേന്ദ്രമന്ത്രിയാക്കാനാണ് ബി. ജെ. പി നീക്കം. സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കി പുതിയതായി ഏത് സ്ഥാനമാണ് നല്‍കുക എന്ന കാര്യത്തില്‍ വ്യക്തതയില്ല.