സെറൈകേല- ജാര്‍ഖണ്ഡില്‍ 2019 ല്‍ തബ്രേസ് അന്‍സാരിയെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ കേസില്‍ പത്ത് പേര്‍ക്ക് പത്ത് വര്‍ഷം കഠിന തടവ് വിധിച്ചു. സെെൈറകേല- ഖര്‍സ്വാന്‍ ജില്ലയിലെ കോടതിയാണ് ശിക്ഷ വിധിച്ചത്.
മോട്ടോര്‍ സൈക്കിള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് 2019 ജൂണ്‍ 17 നാണ് ആള്‍ക്കൂട്ടം അന്‍സാരിയെ ക്രൂരമായി മര്‍ദ്ദിച്ചത്. അഞ്ച് ദിവസത്തിനു ശേഷമായിരുന്നു മരണം. 24 കാരനായ യുവാവിനെ 'ജയ് ശ്രീറാം', 'ജയ് ഹനുമാന്‍' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ നിര്‍ബന്ധിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു.
കഴിഞ്ഞ ജൂണ്‍ 27ന് പത്ത് പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ അഡീഷണല്‍ ജില്ലാ ജഡ്ജി അമിത് ശേഖര്‍ തെളിവുകളുടെ അഭാവത്തില്‍ രണ്ട് പ്രതികളെ വെറുതെവിട്ടിരുന്നു.
കര്‍ശനമായ സുരക്ഷയ്ക്കിടയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ശിക്ഷ പ്രഖ്യാച്ചത്. പത്തു പ്രതികള്‍ക്കും 15,000 രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്.
മുഖ്യപ്രതി പ്രകാശ് മണ്ഡല്‍ എന്ന പപ്പു മണ്ഡല്‍ നേരത്തെ ജയിലിലായിരുന്നു. കുറ്റക്കാരാണെന്ന് വിധിച്ചതിനു ശേഷം ബാക്കി പ്രതികളെ കസ്റ്റഡിയിലെടുത്തു. ഭീംസെന്‍ മണ്ഡല്‍, കമല്‍ മഹാതോ, മദന്‍ നായക്, അതുല്‍ മഹാലി, സുനാമോ പ്രധാന്‍, വിക്രം മണ്ഡല്, ചാമു നായക്, പ്രേംചന്ദ് മഹാലി, മഹേഷ് മഹാലി എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റ് പ്രതികള്‍. പ്രതികളിലൊരാളായ കുശാല്‍ മഹാലി വിചാരണയ്ക്കിടെ മരിച്ചു.
പൂനെയില്‍ കൂലിപ്പണി ചെയ്തു വരികയായിരുന്ന അന്‍സാരി ഈദ് ആഘോഷിക്കാന്‍ നാട്ടിലെത്തിയതായിരുന്നു. മോട്ടോര്‍ സൈക്കിള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന സംശയത്തെത്തുടര്‍ന്ന് ജൂണ്‍ 17 ന് രാത്രി ധത്കിദിഹ് ഗ്രാമത്തില്‍ നാട്ടുകാര്‍ ഇയാളെ പിടികൂടി. രാത്രി മുഴുവന്‍ തൂണില്‍ കെട്ടിയിട്ട് വടികൊണ്ട് മര്‍ദിച്ചു.
ബിജെപി ഭരിച്ചിരുന്ന ജാര്‍ഖണ്ഡിലെ സംഭവം ദേശീയ തലത്തില്‍ വിവാദമായിരുന്നു. കേന്ദ്ര സംസ്ഥാനങ്ങള്‍ മൗനം പാലിച്ചതിനെ തുടര്‍ന്നാണ് വ്യാപക വിമര്‍ശം ഉയര്‍ന്നിരുന്നത്.
ആള്‍ക്കൂട്ടക്കൊലയില്‍ തനിക്ക് വേദനയുണ്ടെന്നും കുറ്റവാളികള്‍ കഠിനമായി ശിക്ഷിക്കപ്പെടണമെന്നും സംഭവം ദേശീയ തലത്തില്‍ വിവാദമായതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പിന്നീട് രാജ്യസഭയില്‍ പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുകയും ഏതാനും ദിവസത്തേക്ക് സഭാനടപടികള്‍ തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു.