ചെന്നൈ- പട്ടികജാതി കുടുംബങ്ങള്‍ക്ക് വെള്ളം നല്‍കുന്ന ടാങ്കില്‍ മനുഷ്യവിസര്‍ജ്യം കണ്ടെത്തിയ വേങ്ങൈവയല്‍ കേസില്‍ ഡി.എന്‍.എ പരിശോധനക്കായി എട്ട് പേര്‍ രക്തസാമ്പിളുകള്‍ നല്‍കി. ഡിഎന്‍എ പരിശോധനയ്ക്ക് വിസമ്മതിച്ച മൂന്ന് സ്ത്രീകളുള്‍പ്പെടെ എട്ടുപേരുടെ രക്തസാമ്പിളുകളാണ് ആദ്യ ബാച്ചില്‍ പുതുക്കോട്ട സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നല്‍കിയിരുന്നത്. പ്രത്യേക കോടതി ഉത്തരവിനെ തുടര്‍ന്നാണ് രക്തസാമ്പിളുകള്‍ ശേഖരിച്ചത്.
പട്ടിക ജാതി പട്ടിക വര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രത്യേക വിചാരണ നടത്തുന്ന പ്രത്യേക കോടതി ചൊവ്വാഴ്ചയാണ് വെങ്ങൈവയല്‍ വില്ലേജിലെ എട്ട് പേരോട് ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിട്ടത്. സിബിസിഐഡി നടത്തിയ അന്വേഷണത്തിന്റെ തുടര്‍ച്ചയായിരുന്നു കോടതി ഉത്തരവ്.
രാവിലെ 10 മണിയോടെയാണ് ഫോറന്‍സിക് മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഇവരുടെ രക്തസാമ്പിളുകള്‍ ശേഖരിച്ചത്. പ്രത്യേക കോടതി മുഖേന ഇവ ചെന്നൈയിലെത്തിച്ചാണ് ഡിഎന്‍എ പരിശോധന നടത്തുക. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 21 പേരുടെ രക്തസാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.