ലഹോര്‍- അഴിമതിക്കേസില്‍ ജയില്‍ ശിക്ഷ വിധിക്കപ്പെട്ട മുന്‍ പ്രധാനമന്ത്രിയും പാക്കിസ്ഥാന്‍ മുസ്്‌ലിം ലീഗ് (പി.എം.എല്‍-എന്‍) നേതാവുമായ നവാസ് ശരീഫും മകളും നാളെ ലണ്ടനില്‍നിന്ന് മടങ്ങാനിരിക്കെ നൂറിലേറെ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും അറസ്റ്റിലായി. നവാസ് ശരീഫിന്റേയും മകള്‍ മറിയത്തിന്റേയും വരവ് കണക്കിലെടുത്ത് ലഹോറില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നാളെ വൈകിട്ട് നാല് മണിയോടെ ലഹോറില്‍ എത്തിച്ചേരുന്ന ഇരുവരേയും എയര്‍പോര്‍ട്ടില്‍വെച്ച് തന്നെ അറസ്റ്റ് ചെയ്യാനാണ് സാധ്യത. നഗരത്തിനകത്തേക്കും പുറത്തേക്കുമുള്ള എല്ലാ പ്രവേശന കവാടങ്ങളും അടച്ചിരിക്കയാണ്.
മുന്‍പ്രധാനമന്ത്രിയേയും മകളേയും സ്വാഗതം ചെയ്യാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ വരുമെന്നാണ് പ്രാദേശിക അധികൃതര്‍ കരുതുന്നത്. അതുകൊണ്ടുതെന്ന നഗരത്തിലേക്കുള്ള കവാടങ്ങളില്‍ ഇവരെ അറസ്റ്റ് ചെയ്യാനാണ് നീക്കം.
ലഹോറിലെ അല്ലാമാ ഇഖ്്ബാല്‍ അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ 22 ഉദ്യോഗസ്ഥരേയും 100 കമാന്‍ഡോകളേയും നിയോഗിക്കുമെന്നാണ് റിപ്പോര്‍ട്ട്. നവാസ് ശരീഫിനേയും മകളേയും ലഹോറില്‍നിന്ന് റാവല്‍പിണ്ടിയിലെ അഡിയാല ജയിലിലേക്ക് ഹെലിക്കോപ്റ്ററില്‍ എത്തിക്കാനുള്ള തയാറെടുപ്പുകളും നടത്തിയിട്ടുണ്ട്. വെള്ളിയാഴ്ച അഡിയാല ജയിലിലെത്താന്‍ അക്കൗണ്ടബിലിറ്റി കോടതി ജഡ്ജി മുഹമ്മദ് ബഷീറിന് സന്ദേശമയച്ചിട്ടുണ്ട്.
അഡിയാല ജയിലില്‍ സുരക്ഷാ പ്രശ്‌നങ്ങളുണ്ടെങ്കില്‍ വി.ഐ.പി പ്രതികളെ അടക്കുന്നതിന് മറ്റു ജയിലുകള്‍ കണ്ടെത്താനും നാഷണല്‍ അക്കൗണ്ടബിലിറ്റി ബോര്‍ഡ് ശ്രമിക്കുന്നുണ്ട്. ജയിലിനകത്ത് സുരക്ഷാ സേന കര്‍ശന പരിശോധന പൂര്‍ത്തിയാക്കി. ജയിലിലുള്ള ബാഗുകളും ലഗേജുകളുമൊക്കെ അരിച്ചുപെറുക്കി. നേതാവിനെ വരവേല്‍ക്കാന്‍ പ്രവര്‍ത്തകര്‍ എയര്‍പോര്‍ട്ടിലേക്ക് പോകുമെന്ന് പി.എം.എല്‍-എന്‍ നേതാക്കളായ അയാസ് സാദിഖ്, സഅദ് റഫീഖ്, പര്‍വേസ് മാലിക് എന്നിവര്‍ പറഞ്ഞു.
അഴിമതിക്കേസില്‍ നവാസ് ശരീഫ് പത്ത് വര്‍ഷവും മകള്‍ മറിയം ഏഴ് വര്‍ഷവുമാണ് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടത്.