Sorry, you need to enable JavaScript to visit this website.

സൗദി സന്ദർശക വിസകളിലും വ്യാജൻ ഹുറൂബാകുന്നവരുടെ എണ്ണത്തിൽ വർധന

റിയാദ്- വ്യാജ സന്ദർശക വിസകളിൽ സൗദി അറേബ്യയിലെത്തി ഹുറൂബാകുന്നവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. സൗദി പൗരന്മാരുടെ പേരിലുള്ള പേഴ്‌സണൽ വിസിറ്റ്, സൗദിയിലെ സ്ഥാപനങ്ങളുടെ പേരിലുള്ള ബിസിനസ് വിസിറ്റ് എന്നീ വിഭാഗങ്ങളിലാണ് വിദേശ രാജ്യങ്ങളിലെ ചില ഏജൻസികൾ വ്യാജ വിസകൾ പുറത്തിറക്കി ഉപയോക്താക്കളെ നിയമക്കുരുക്കിലാക്കുന്നത്. ഇരകളിൽ പലരും ഹുറൂബായി സൗദിയിൽ നിയമനടപടി നേരിടുകയോ നാടുകടത്തൽ കേന്ദ്രം വഴി എക്‌സിറ്റിൽ പോയി ഇനിയൊരിക്കലും സൗദിയിൽ വരാൻ കഴിയാത്ത വിധം കുരുക്കിലകപ്പെടുകയോ ചെയ്തിരിക്കുകയാണെന്ന് ഇത് സംബന്ധിച്ച് മലയാളം ന്യൂസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. 
സൗദി പൗന്മാരുടെ പേരിലുള്ള വ്യക്തിഗത സന്ദർശക വിസയാണ് ഇപ്പോൾ ഏറ്റവുമധികം ചൂഷണം ചെയ്യപ്പെടുന്നത്. സൗദി പൗരന്മാരുടെ പേരിൽ നാട്ടിലെ ചില ഏജൻസികൾ എടുത്തുനൽകിയ സന്ദർശ വിസകളിൽ സൗദിയിലെത്തി ഏതാനും ദിവസങ്ങൾക്കകം ഹുറൂബായി നിയമനടപടികൾ നേരിടുകയാണ് കഴിഞ്ഞ മാസം ഇവിടെയെത്തിയ ഏതാനും പേർ. പതിനായിരം രൂപയാണ് വിസക്കായി ആവശ്യക്കാരിൽ നിന്ന് ഏജൻസികൾ ഈടാക്കുന്നത്. ഇതിന്നായി സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പരസ്യം നൽകി ഇരകളെ തേടുന്നു. സൗദി പൗരന്മാർ അറിയാതെ അവരുടെ പേരിൽ സൗദി വിദേശകാര്യമന്ത്രാലയത്തിന്റെ വിസ പ്ലാറ്റ്‌ഫോമിൽ നിന്ന് വിസക്ക് അപേക്ഷ നൽകുകയാണ് ഇവർ ചെയ്യുന്നത്. ചേംബർ അറ്റസ്‌റ്റേഷനോ മറ്റു വെരിഫിക്കേഷനോ ആവശ്യമില്ലാത്തതിനാൽ ഈ ഇനം വിസ പെട്ടെന്ന് ലഭിക്കും. തുടർന്ന് വിഎഫ്എസിലോ മറ്റോ പോയി വിസ സ്റ്റാമ്പിംഗ് നടപടികൾ പൂർത്തിയാക്കും. ഇവർ സൗദി അറേബ്യയിൽ ലാന്റ് ചെയ്യുന്നതോടെ വിസ എടുത്ത സൗദി പൗരന്റെ സിസ്റ്റത്തിൽ പേരുവിവരങ്ങൾ അപ്‌ഡേറ്റ് ആവും. തന്റെ പേരിൽ അജ്ഞാതർ സൗദിയിൽ പ്രവേശിച്ചതറിയുന്നതോടെ കൂടുതൽ അന്വേഷണങ്ങൾക്കൊന്നും കാത്തുനിൽക്കാതെ ഇവരെ ഹുറൂബാക്കുകയാണ് സൗദി പൗരന്മാർ ചെയ്യുന്നത്.
പതിനായിരം രൂപ നൽകിയാൽ ഒരു വർഷത്തെ മൾട്ടിപ്ൾ എൻട്രി സന്ദർശക വിസ വളരെ പെട്ടെന്ന് ലഭിക്കുമെന്നതിനാൽ നാട്ടിലെ മാന്യന്മാരായ വ്യക്തികളാണ് ഇത്തരം വിസകളുടെ ഇരകളാവുന്നത്. മറ്റു സന്ദർശക വിസകളുടെ നിബന്ധനകളൊന്നും വ്യക്തിഗത സന്ദർശക വിസക്കില്ല. എന്നാൽ സൗദി പൗരന്മാരുടെ പേരിൽ അവരറിയാതെ എടുക്കുന്ന വിസകളിൽ സൗദിയിലെത്തി ഹുറൂബായാൽ പിന്നീട് നാട്ടിലെത്താൻ  ഇന്ത്യൻ എംബസി വഴിനാടുകടത്തൽ കേന്ദ്രത്തെ ആശ്രയിക്കുകയേ രക്ഷയുള്ളൂ. നാടുകടത്തൽ കേന്ദ്രത്തിൽ നിന്ന് വിരലടയാളമെടുത്ത് എക്‌സിറ്റ് ലഭിക്കുന്നതോടെ സൗദി അറേബ്യയിലേക്ക് പിന്നീടൊരിക്കലും പ്രവേശിക്കാനാകില്ല. വ്യക്തിഗത വിസയിൽ സൗദിയിലെത്തി ഒരാഴ്ചക്കകം ഹുറൂബായ സംഭവങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അവർ നാടുകടത്തൽ കേന്ദ്രങ്ങൾ വഴി ഫൈനൽ എക്‌സിറ്റിന് ശ്രമിക്കുകയാണെന്നും സൗദി പൗരന്മാരുടെ ബന്ധപ്പെടേണ്ട നമ്പർ സഹിതമുള്ള വിവരങ്ങൾ ലഭിക്കാത്ത പക്ഷം ഏജൻസികളിൽ നിന്ന് ആരും സന്ദർശക വിസകൾ സ്വീകരിക്കരുതെന്നും വിഷയത്തിലിടപ്പെട്ട സാമൂഹിക പ്രവർത്തകൻ ബത്ഹയിലെ അൽറയാൻ ജനറൽ സർവീസിലെ ഫദലുറഹ്മാൻ മലയാളം ന്യൂസിനോട് പറഞ്ഞു.
സ്ഥാപനങ്ങളുടെ പേരിലുള്ള ബിസിനസ് സന്ദർശക വിസയിലും ഇത്തരം തട്ടിപ്പ് നടക്കുന്നുണ്ട്. സ്ഥാപനങ്ങൾ അറിയാതെ അവരുടെ പേരിൽ ബിസിനസ് സന്ദർശക വിസകൾ എടുക്കുകയും ആവശ്യക്കാർക്ക് വിൽക്കുകയും ചെയ്യും. പിന്നീട് ഇവർ സൗദിയിൽ എത്തുന്നതോടെ സ്ഥാപനങ്ങളുടെ സിസ്റ്റത്തിൽ ഇവരുടെ പേര് വിവരങ്ങൾ അപ്‌ഡേറ്റ് ആവും. അതോടെ അവരെ ഹുറൂബാക്കുകയോ അവർക്കെതിരെ കേസ് നടപടികൾ എടുക്കുകയോ ചെയ്യുന്നുണ്ട്.
സൗദി അറേബ്യയിലുള്ള സ്ഥാപനങ്ങളുടെയോ വ്യക്തികളുടെയോ പേരിലെടുക്കുന്ന സന്ദർശക വിസകൾ സ്വീകരിക്കുമ്പോൾ യഥാർഥ സ്രോതസ്സിൽ നിന്ന് തന്നെയാണോ ഇഷ്യു ചെയ്തതെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. വ്യാജ സന്ദർശക വിസയിലെത്തി നിയമക്കുരുക്കിലകപ്പെടുന്ന കേസുകൾ വർധിച്ചിട്ടുണ്ടെന്നും നാട്ടിലെത്തുന്നതിന് എക്സ്റ്റ് ലഭിക്കുന്നതിനായി ഇന്ത്യൻ എംബസി വഴി നാടുകടത്തൽ കേന്ദ്രത്തെ സമീപിക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
 

Latest News