ദല്‍ഹിയിലെ മാലിന്യ പ്രശ്‌നം; ലഫ്. ഗവര്‍ണര്‍ക്ക് സുപ്രീം കോടതിയുടെ കൊട്ട്

ന്യൂദല്‍ഹി- ദല്‍ഹിയില്‍ മുനിസിപ്പര്‍ കോര്‍പറേഷനുകളുടെ അധികാരം ഉണ്ടായിട്ടും മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ കാര്യക്ഷമമായ നടപടികളൊന്നും സ്വീകരിക്കാത്തതിന് ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജലിനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. 'അധികാരമുണ്ടെന്ന് താങ്കള്‍ പറയുന്നു. പക്ഷെ താങ്കള്‍ ഒന്നും ചെയ്യുന്നില്ല. ഉത്തരവാദി ഞാനാണ് പക്ഷെ ആരും എന്നെ ചോദ്യം ചെയ്യാന്‍ പാടില്ലെന്ന പോലെയാണ് കാര്യങ്ങള്‍. സര്‍വാധികാരിയാണെന്നാണോ താങ്കള്‍ കരുതുന്നത്,' ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ച് രൂക്ഷ വിമര്‍ശന സ്വരത്തില്‍ പറഞ്ഞു.

ദല്‍ഹിയില്‍ കുമിഞ്ഞു കൂടിയ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ സമയ ബന്ധിതമായ ഒരു പദ്ധതി ഉറപ്പു നല്‍കാനാവില്ലെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞതിനു തൊട്ടുപിന്നാലെയായിരുന്നു കോടതിയുടെ വിമര്‍ശനം. മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ എത്ര സമയം വേണമെന്ന് കോടതിയെ അറിയിക്കണം-ബെഞ്ച് ആവശ്യപ്പെട്ടു. ദല്‍ഹിയിലെ ഓഖ്‌ല, ഭല്‍സ്വ, ഘാസിപൂര്‍ എന്നിവിടങ്ങളിലെ മൂന്ന് മാലിന്യ കൂമ്പാരങ്ങള്‍ നീക്കം ചെയ്യേണ്ട ഉത്തരവാദിത്തം ആര്‍ക്കാണെന്ന് വ്യക്തമാക്കണമെന്ന് ലെഫ്. ഗവര്‍ണറോട് കഴിഞ്ഞ ദിവസം കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടിയായി ലഫ്. ഗവര്‍ണര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് തന്റെ ഉത്തരവാദിത്തത്തിലുള്ള മുനിസിപ്പല്‍ കോര്‍പറേഷനുകളാണ് ഇതു ചെയ്യേണ്ടതെന്ന് ഗവര്‍ണര്‍ മറുപടി നല്‍കിയത്. തുടര്‍ന്നായിരുന്നു കോടതിയുടെ കൊട്ട്.

ദല്‍ഹിയില്‍ അധികാരത്തെ ചൊല്ലി ആം ആദ്മി പാര്‍ട്ടി സര്‍ക്കാരും ലഫ്. ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് സുപ്രീം കോടതിയില്‍ നിന്ന് വീണ്ടും ഗവര്‍ണര്‍ക്ക് തിരിച്ചടി നേരിടേണ്ടി വരുന്നത്.
 

Latest News