തിരുവനന്തപുരം - ഏക സിവില്‍ കോഡിനെതിരെ പ്രചാരണത്തിനൊരുങ്ങി കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായുള്ള ആദ്യ സംവാദം കോഴിക്കോട് സംഘടിപ്പിക്കാന്‍ കെ പി സി സി നേതൃ യോഗത്തില്‍ തീരുമാനമായി. തെരുവിലിറങ്ങി സമരം വേണ്ടെന്നാണു നേതൃയോഗത്തിലുണ്ടായ തീരുമാനം. അതേസമയം, കേരളത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹൈബി ഈഡന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച സ്വകാര്യ ബില്‍ അനവസരത്തിലായിരുന്നുവെന്ന് നേതൃയോഗത്തില്‍ കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് വിമര്‍ശിച്ചു. ഇത്തരം വിഷയങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ മതിയായ ചര്‍ച്ചകളും കൂടിയാലോചനകളും നടക്കുന്നില്ല. തലസ്ഥാനം മാറ്റുന്ന വിഷയത്തില്‍ പാര്‍ട്ടിക്ക് കൃത്യമായ നിലപാട് വേണമെന്നും പ്രശ്‌നങ്ങള്‍ ഉണ്ടായ ശേഷം കൈകാലിട്ട് അടിച്ചിട്ട് കാര്യമില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.