തിരുവനന്തപുരം - ഉന്നത സി പി എം നേതാവ് കൈതോലപ്പായയില്‍ പണം പൊതിഞ്ഞു കൊണ്ടുപോയെന്ന വെളിപ്പെടുത്തലില്‍ ദേശാഭിമാനി മുന്‍ എഡിറ്റര്‍ ജി.ശക്തിധരന്റെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി. കന്റോണ്‍മെന്റ് എ സി പിയുടെ നേതൃത്വത്തിലാണു മൊഴിയെടുത്തത്. അതേസമയം ആരാണ് പണം കൊണ്ടുപോയതെന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ സംഘത്തോട് ശക്തിധരന്‍ പറഞ്ഞില്ല. ഇത് സംബന്ധിച്ച് ചോദ്യത്തിന് പറയാനുള്ളതെല്ലാം താന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിട്ടുണ്ടെന്നായിരുന്നു ശക്തിതിധരന്‍ പോലിസിനോട് പറഞ്ഞത്. മൊഴിയെടുക്കലിന് ശേഷം പുറത്ത് വന്ന ശക്തിധരന്‍ മാധ്യമങ്ങളോടു പ്രതികരിക്കാനും തയ്യാറായില്ല. ബെന്നി ബെഹ്നാന്‍ എം പി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുക്കല്‍ നടന്നത്. സി പി എം നേതാവ് രണ്ട് കോടി രൂപ കൈതോലപ്പായയില്‍ കെട്ടി കടത്തിയെന്നായിരുന്നു ശക്തിധരന്റെ ആരോപണം. ഉന്നത നേതാവ് കലൂരിലെ 'ദേശാഭിമാനി' ഓഫിസില്‍ രണ്ടുദിവസം ചെലവിട്ട് സമ്പന്നരില്‍ നിന്നു പണം കൈപ്പറ്റിയെന്നും അതില്‍ രണ്ടു കോടിയിലേറെ രൂപ എണ്ണിത്തിട്ടപ്പെടുത്തുന്നതിനു താന്‍ സാക്ഷിയാണെന്നുമായിരുന്നു ശക്തിധരന്റെ വെളിപ്പെടുത്തല്‍. ആ പണം കൈതോലപ്പായയില്‍ പൊതിഞ്ഞ് ഇപ്പോത്തെ ഒരു മന്ത്രിയുടെ ഇന്നോവ കാറില്‍ അന്ന് തിരുവനന്തപുരത്തേക്കു കൊണ്ടുപോയെന്നും ശക്തിധരന്‍ ആരോപിച്ചിരുന്നു.