ന്യൂദല്‍ഹി- 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യ 'ഹിന്ദു പാക്കിസ്ഥാന്‍' ആകുമെന്ന തന്റെ പ്രസ്താവനയെ പ്രതിരോധിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ രംഗത്തെത്തി. കോണ്‍ഗ്രസ് ക്ഷമാപണം നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി രംഗത്തു വന്നതിനു തൊട്ടുപിറകെയാണ് താന്‍ പറഞ്ഞതില്‍ മാറ്റമില്ലെന്ന് തരൂര്‍ വ്യക്തമാക്കിയത്. ഹിന്ദു രാഷ്ട്ര നിര്‍മാണമാണ് അവരുടെ ലക്ഷ്യമായി പറയുന്നത് എന്നിരിക്കെ എന്തിനു ക്ഷമാപണം നടത്തണമെന്ന് അദ്ദേഹം ചോദിച്ചു.
'ഇന്ത്യയുടെ ഭരണഘടന അംഗീകരിക്കാത്ത ദീന്‍ ദയാല്‍ ഉപാധ്യയയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനും ഉള്‍ക്കൊള്ളാനുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി നിര്‍ദേശിക്കുന്നത്. ഉപാധ്യയയുടെ ചിന്തകളെ കുറിച്ച് സെമിനാറുകള്‍ സംഘടിപ്പിക്കാന്‍ വിവധ സര്‍ക്കാര്‍ വകുപ്പുകളോടും ആവശ്യപ്പെടുന്നു. എന്നാല്‍ ഭരണഘടന സംബന്ധിച്ച് ദീന്‍ ദയാല്‍ ഉപാധ്യയുടെ നിലപാടിനോട് യോജിപ്പില്ലെന്ന് പ്രധാനമന്ത്രി മോഡി ഇതുവരെ പരസ്യമായി പറഞ്ഞിട്ടില്ല. അതു പറയാത്തിടത്തോളം കാലം ഞാന്‍ പറഞ്ഞതില്‍ ക്ഷമാപണം നടത്തേണ്ടതില്ല,' തരൂര്‍ എന്‍ഡിടിവിയോട് പറഞ്ഞു.
ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളി എന്ന വിഷയത്തില്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ഒരു പരിപാടിയിലാണ് തൂരൂര്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ഇന്ത്യ 'ഹിന്ദു പാക്കിസ്ഥാന്‍' ആകുമെന്നും ഭരണഘടന മാറ്റിഎഴുതപ്പെടുകുയം ചെയ്യുമെന്ന പരാമര്‍ശം നടത്തിയത്.
അതിനിടെ വിവാദം കൊഴുത്തതോടെ കോണ്‍ഗ്രസ് തരൂരിന് മുന്നറിയിപ്പു നല്‍കി. ഇത്തരം പ്രസ്താവനകളില്‍ കരുതലും ശ്രദ്ധയും വേണമെന്നാണ് തരൂരിനോട് പാര്‍ട്ടി നിര്‍ദേശിച്ചത്.