ഗുവാഹത്തി- നാഗാലാൻഡിൽ ഇന്ന് വൈകിട്ട് ഉണ്ടായ മണ്ണിടിച്ചിലിൽ കൂറ്റൻ പാറക്കല്ലുകൾ വന്നുവീണു രണ്ടു കാറുകൾ പൂർണമായും തകർന്നു. രണ്ടു പേർ മരിച്ചു. ദിമാപൂരിനും കൊഹിമയ്ക്കും ഇടയിലുള്ള ചുമൗകെദിമ ജില്ലയിലെ ദേശീയ പാത 29ലാണ് അപകടം. കനത്ത മഴയ്ക്കിടെ വൈകുന്നേരം 5 മണിയോടെ ഉണ്ടായ അപകടത്തിൽ മറ്റ് മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. വലതുഭാഗത്തുള്ള വലിയ കുന്നിൽനിന്ന് വൻ പാറ അടർന്നുവീണ് രണ്ടു കാറുകളെ തകർക്കുകയായിരുന്നു. പിന്നിൽ കാത്തുനിൽക്കുന്ന ഒരു കാറിന്റെ ഡാഷ്‌ബോർഡ് ക്യാമറയിലാണ് ഇതിന്റെ ദൃശ്യം പതിഞ്ഞത്.
ഒരാൾ സംഭവസ്ഥലത്തുവെച്ചും മറ്റൊരാൾ ആശുപത്രിയിലും മരിച്ചതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
പകാല പഹാർ എന്നറിയപ്പെടുന്ന മണ്ണിടിച്ചിലുകൾക്കും പാറക്കെട്ടുകൾക്കും കുപ്രസിദ്ധമായ സ്ഥലത്താണ് അപകടമുണ്ടായത്.