ന്യൂദല്‍ഹി- മുല്ലപെരിയാര്‍ ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് തമിഴ്‌നാട് പഠനം നടത്തുമെന്ന് കേന്ദ്ര ജല കമ്മീഷന്‍ സുപ്രിം കോടതിയെ അറിയിച്ചു. സ്വതന്ത്ര സമിതിയുടെ സമഗ്ര പരിശോധനയ്ക്കാണ് സുപ്രിം കോടതി നിര്‍ദേശിച്ചത്.
കേരളവും തമിഴ്‌നാടും തമ്മില്‍ ധാരണയിലെത്തുന്ന വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധനയുമായി തമിഴ്‌നാട് മുന്നോട്ടുപോകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സുപ്രിം കോടതിയില്‍ മേല്‍നോട്ട സമിതി സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
സ്വതന്ത്ര പഠനത്തിനുള്ള കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ചുമതല തമിഴ്‌നാടിന് ലഭിക്കുന്നത് കേരളത്തിന് ആശങ്കയ്ക്ക് വകയുണ്ട്. മണ്‍സൂണും പ്രളയവും കണക്കിലെടുത്ത് ഡാം തുറക്കുന്നത് സംബന്ധിച്ച വിവരം മൂന്‍കൂര്‍ അറിയിക്കുന്ന കാര്യത്തില്‍ സാങ്കേതിക തടസങ്ങളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ കാര്യങ്ങളില്‍ പരിഹാരം കാണാനാണ് തീരുമാനമെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു.