Sorry, you need to enable JavaScript to visit this website.

പാശ്ചാത്യ നിലപാടുകളെ എതിര്‍ക്കുന്നത് തുടരുമെന്ന് റഷ്യ

മോസ്‌കോ- യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന് റഷ്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയ പാശ്ചാത്യ നിലപാടുകളെ എതിര്‍ക്കുന്നത് തുടരുമെന്ന് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പറഞ്ഞു. ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ വെര്‍ച്വലായി സംഘടിപ്പിച്ച ഉച്ചകോടിയില്‍ സംസാരിക്കവെയാണ് പുടിന്‍ ഇക്കാര്യം പറഞ്ഞത്. 

പ്രാദേശിക കറന്‍സികളില്‍ എസ്. സി. ഒ. രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര കരാറുകളെ പുടിന്‍ പിന്തുണച്ചു. ഉപരോധം പ്രതിരോധിക്കാനുള്ള റഷ്യന്‍ ശ്രമത്തിന്റെ ഭാഗമായാണ് നീക്കം. 2023ലെ എസ്. സി. ഒ  ഉച്ചകോടി ഇന്ത്യയുടെ നേതൃത്വത്തിലാണ് നടക്കുന്നത്.

ചൈനയും റഷ്യയും തമ്മിലുള്ള വ്യാപാരത്തിന്റെ 80 ശതമാനത്തിലധികം റുബിളിലും യുവാനിലും ആണെന്നും മറ്റ് എസ്. സി. ഒ അംഗങ്ങളും ഇതേ പ്രക്രിയ പിന്തുടരാനും പുടിന്‍ അഭ്യര്‍ഥിച്ചു. 

വ്യാപാരം, കണക്റ്റിവിറ്റി, സാങ്കേതിക സഹകരണം എന്നിവ വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി എസ്. സി. ഒ അംഗങ്ങളോട് ആഹ്വാനം ചെയ്തു. യുക്രെയ്നിലെ യുദ്ധത്തെയോ ഇന്തോ- പസഫിക്കില്‍ ചൈനയുടെ നിലപാട് ശക്തമാകുന്നതിനെയോ നരേന്ദ്ര മോഡി നേരിട്ട് പരാമര്‍ശിച്ചില്ല. 

പാകിസ്താനെ ഉന്നംവെച്ച് മോഡി പ്രസ്താവനകള്‍ നടത്തിയെങ്കിലും ഇന്ത്യയുമായി ദീര്‍ഘകാലമായി ശത്രുത പുലര്‍ത്തുന്ന ചൈനയെക്കുറിച്ച് നിശ്ശബ്ദത പാലിക്കുകയായിരുന്നു. 

പ്രാദേശിക സമാധാനവും സുരക്ഷയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് പരാമര്‍ശിച്ചു. 

ചൈനയും റഷ്യയും നാല് മധ്യേഷ്യന്‍ രാജ്യങ്ങളും ചേര്‍ന്ന് 2001-ല്‍ ഈ മേഖലയില്‍ പാശ്ചാത്യരുടെ സ്വാധീനം പരിമിതപ്പെടുത്താനുള്ള പ്രതിരോധ നടപടിയായി രൂപീകരിച്ച അന്താരാഷ്ട്ര വേദിയാണ് എസ്. സി. ഒ. 2017ലാണ് ഇന്ത്യയും പാക്കിസ്ഥാനും ഗ്രൂപ്പില്‍ അംഗമായത്.

Latest News