ആഴമേറിയ കായലിലേക്ക് നടന്നു നടന്നൊരു യാത്ര.
പ്രകൃതിരമണീയമായ കുട്ടനാടിന്റെ മനോഹാരിത ഓളംതല്ലുന്ന കായലിന്റെ മധ്യത്തിൽ നിന്ന് ആസ്വദിക്കുക..
ആവശ്യമെങ്കിൽ ബോട്ടിലൊരു ചുറ്റിക്കറക്കവും...
ങ്ഹാ.. എന്തു രസകരം.
കുട്ടനാട് സഞ്ചാരികൾക്ക് എക്കാലവും പറുദീസയാണ്. കുട്ടനാടിന്റെ
ഏതു ഭാഗവും സഞ്ചാരികൾക്ക് ഇഷ്ടപ്പെടും. ഓളം വെട്ടുന്ന കായൽപരപ്പും പച്ചവിരിച്ച പുഞ്ചപ്പാടവും താറാവിൻകൂട്ടത്തിന്റെ കലപില ശബ്ദവും പല വർണങ്ങളിലുള്ള പറവകളും നാടൻ മൽസ്യങ്ങളുടെ രുചിഭേദവും...
കുട്ടനാട്ടിലേക്ക് സഞ്ചാരികളെ വീണ്ടും വീണ്ടും എത്തിക്കാൻ
ഇതിൽപരമെന്തു വേണം.
കൈനകരിയിലെ മീനപ്പള്ളി വട്ടക്കായലിലാണ് നടന്നുചെന്ന് കുട്ടനാടിന്റെ ഭംഗി മനസ്സിലും ക്യാമറയിലും ഒപ്പിയെടുക്കാൻ നിത്യേന നൂറുകണക്കിനാളുകൾ എത്തുന്നത്. ബോട്ടിലും വള്ളത്തിലും മാത്രം ആറാൾ താഴ്ചയുള്ള കായൽ നടുവിലേക്ക് പോയിരുന്നത് പഴങ്കഥ. കൈനകരിയിലെ വട്ടക്കായലിന്റെ മധ്യത്തിലേക്ക് നടന്നെത്താനുള്ള പാത നിർമിച്ചിട്ടുണ്ട്. കായൽ നടുവിലെത്തിയാൽ അവിടെ നാലു ദിക്കുകളിലേക്കും നീട്ടി ഫ്ളോട്ടിംഗ് പാതയുമുണ്ട്. നടപ്പാതക്കും ഫ്ളോട്ടിംഗ് പാതക്കും മധ്യത്തിലായി ഉയരത്തിൽ ടെർമിനലും സ്ഥാപിച്ചിട്ടുണ്ട്.
കായലിൽ ഓളം വെട്ടുന്നതിനനുസരിച്ച് ഇളകിമറിയുന്ന ഫ്ളോട്ടിംഗ് പാതയിൽ നിൽക്കുന്നത് സഞ്ചാരികളെ ഹരംകൊള്ളിക്കും. ഇവിടെ നിന്നാണ് ബോട്ടിലേക്ക് കയറാനുള്ള സൗകര്യം. വിവിധ ഏജൻസികൾ സ്പീഡ് ബോട്ടും ശിക്കാരി വള്ളവും വഞ്ചിവീടുമെല്ലാം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ബോട്ട് ജീവനക്കാരോട് യാത്രപ്പടി പറഞ്ഞുറപ്പിച്ച് കായൽ ചുറ്റാം.
കായലിലെ പാതയിൽ എത്തുന്നത് അൽപം സാഹസികമായി വേണം. നടപ്പാത തുടങ്ങുന്നിടത്തേക്ക് വാഹനം എത്തില്ല. റോഡ് അവസാനിക്കുന്നിടത്ത് വാഹനം പാർക്ക് ചെയ്ത് കായൽതീരത്തുകൂടി അൽപം നടക്കണം. ഇവിടെ രണ്ട് ചെറിയ പാലങ്ങളുണ്ട്. അതിൽ കയറുന്നത് അൽപം പേടിപ്പെടുത്തും.
കായലിലേക്കുള്ള ചെറുതോടിനു കുറുകെയുള്ളതാണ് ഈ ചെറിയ പാലങ്ങൾ. ഒരാൾക്ക് കടന്നുപോകാവുന്ന വീതി മാത്രം. കൈവരികളും ഇല്ല. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ഇതൊന്നും ഒരു പ്രശ്നമായി തോന്നിയിട്ടില്ല. പഞ്ചായത്ത് മുൻകൈയെടുത്ത് ഈ പാലങ്ങൾ പുനർനിർമിക്കുകയും കായലിലേക്ക് നല്ല റോഡ് നിർമിക്കുകയും ചെയ്താൽ കൂടുതൽ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാനാകും.
വട്ടക്കായലിൽ തലങ്ങും വിലങ്ങും പായുന്ന സ്പീഡ് ബോട്ട് യാത്രയാണ് ഏറെ രസകരവും അത്ഭുതകരവും. കുട്ടികളെയടക്കം ആവശ്യമായ സുരക്ഷ സംവിധാനങ്ങൾ അണിയിച്ചാണ് ബോട്ടിലേക്ക് കയറ്റുക. സഞ്ചാരികളുടെ ഇഷ്ടമനുസരിച്ചാണ് സ്പീഡും ബോട്ട് കുത്തലുമൊക്കെ. കുത്തലെന്നാൽ ഓട്ടത്തിനിടെ പെട്ടെന്ന്
വെട്ടിച്ചും തിരിച്ചുമുള്ള അഭ്യാസം. എത്ര വേഗത്തിൽ ബോട്ട് വെട്ടിച്ചാലും ചരിയില്ലെന്നതാണ് സ്പീഡ് ബോട്ടുകളുടെ പ്രത്യേകത. മൂന്നു മുതൽ എട്ടുപേർക്കു വരെ കയറി കായൽ ചുറ്റാനുള്ള സ്പീഡ് ബോട്ടുകൾ ഇവിടെയുണ്ട്. വട്ടക്കായലിനു പുറമെ പുന്നമട, വേമ്പനാട് കായലുകളിലേക്കും സ്പീഡ് ബോട്ട് സഞ്ചാരം നീട്ടാം.
കൂടാതെ മോട്ടോർ ബോട്ടുകളും ശിക്കാരി വള്ളങ്ങളും വേറെയുണ്ട്.
ഇവക്കൊന്നും അധികം സ്പീഡില്ല. എന്നാൽ കണ്ണെത്താദൂരത്തോളമുള്ള കായൽ ഭംഗി നുകരണമെങ്കിൽ സ്പീഡ് കുറഞ്ഞ ബോട്ടുകളാണ് അഭികാമ്യം. ഇവക്കാണ് താരതമ്യേന റേറ്റ് കുറവും. 10 പേർക്കു വരെ കയറാവുന്ന ശിക്കാർ ബോട്ടുകളിലെ യാത്രയാണ് മികച്ചത്. ഇത്തരം വള്ളങ്ങൾ വട്ടക്കായലിനു പുറമെ ഇടത്തോടുകളിലേക്കും യാത്ര നടത്തും. കുട്ടനാടിന്റെ ഉൾക്കാഴ്ചകൾ കാണാനിത് ഉപകരിക്കും. ഇടത്തോടുകളിലൂടെയുള്ള സഞ്ചാരം വെള്ളവുമായി ഇഴചേർന്നുള്ള കുട്ടനാടൻ കുടുംബങ്ങളുടെ ജീവിതത്തെക്കുറിച്ച് മനസ്സിലാക്കാനും പഠിക്കാനുമുതകും. ബോട്ട് യാത്രക്കിടെ കായലോരത്തുള്ള പരമ്പരാഗത രീതിയിലുള്ള ഹോട്ടലുകളും മറ്റുമുണ്ട്. ഇവിടങ്ങളിൽ നിന്ന് നാടൻ വിഭവങ്ങളുടെ രുചി ആസ്വദിക്കാം. കായലിൽ നിന്ന് ലഭിക്കുന്ന കരിമീൻ, കൊഞ്ച്, വരാൽ, വാള, കണമ്പ് തുടങ്ങി ഏതു തരത്തിലുള്ള മീനുകളുടെയും വ്യത്യസ്ത വിഭവങ്ങൾ ലഭ്യമാണ്. സഞ്ചാരിക്കിഷ്ടപ്പെടുന്ന മീനിനം ഞൊടിയിടെ വെട്ടി വൃത്തിയാക്കി മേശപ്പുറത്തെത്തിക്കും. കെട്ടുവള്ളങ്ങളിലിരുന്നും ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്. മീനപ്പള്ളി വട്ടക്കായൽ ഒരു ടൂറിസം സ്പോട്ടായി ഉയർന്നു കഴിഞ്ഞു. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ നെടുമുടി പൂപ്പള്ളി ജംഗ്ഷനിൽ നിന്ന് 8 കിലോമീറ്റർ സഞ്ചരിച്ചാൽ കൈനകരി വട്ടക്കായലിലെത്താം.