കയ്‌റോ- പത്തു വര്‍ഷത്തെ ഇടവേളക്കുശേഷം നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിന്റ ഭാഗമായി ഈജിപ്തും തുര്‍ക്കിയും തലസ്ഥാനങ്ങളിലേക്ക് അംബാസഡര്‍മാരെ നിയമിച്ചു. ഇരുരാജ്യങ്ങളിലേയും വിദേശകാര്യ മന്ത്രാലയങ്ങളാണ് ഇക്കാര്യം അറിയിച്ചത്.
ഈജിപ്തില്‍ മുസ്ലിം ബ്രദര്‍ഹുഡ് നേതാവായിരുന്ന മുഹമ്മദ് മുര്‍സിയെ പുറത്താക്കുന്നതിന് അന്നത്തെ സൈനിക മേധാവി അബ്ദുല്‍ ഫത്താഹ് അല്‍സിസി നേതൃത്വം നല്‍കിയതിനെത്തുടര്‍ന്ന് 2013ലാണ് തുര്‍ക്കി ബന്ധം വിഛേദിച്ചത്. തുര്‍ക്കി അംബാസഡറെ പുറത്താക്കിയ ഈജിപ്ത് രാജ്യത്തെ തുരങ്കം വയ്ക്കാന്‍ ശ്രമിക്കുന്ന സംഘടനകളെ തുര്‍ക്കി പിന്തുണയ്ക്കുന്നുവെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.
ഈജിപത് പ്രസിഡന്റായ അല്‍സിസിയും തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാനും മെയ് മാസത്തില്‍ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാന്‍ സമ്മതിച്ചെങ്കിലും അംബാസഡര്‍മാര്‍ ഉണ്ടായിരുന്നില്ല.
അംര്‍ എല്‍ഹമാമി അങ്കാറയിലെ ഈജിപ്തിന്റെ അംബാസഡറാകുമെന്നും സാലിഹ് മുത്‌ലു സെന്നിനെ കയ്‌റോയിലെ അംബാസഡറായി നാമനിര്‍ദ്ദേശം ചെയ്യുമെന്നും വിദേശകാര്യ മന്ത്രാലയങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.