തെല്‍അവീവ്- അധിനിവേശ വെസ്റ്റ്ബാങ്ക് നഗരമായ ജെനിനില്‍ ഇസ്രായില്‍ വലിയ തോതിലുള്ള സൈനിക നടപടി തുടരുന്നതിനിടെ തെല്‍അവീവില്‍ ഫലസ്തീനി കാര്‍ ഇടിച്ചും കത്തി കൊണ്ട് കുത്തിയും നടത്തിയ ആക്രമണത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. അധിനിവേശ വെസ്റ്റ്ബാങ്കില്‍ നിന്നുള്ള ഫലസ്തീന്‍കാരനെ പോലീസ് വെടിവെച്ചു കൊന്നു. ഭീകരാക്രമണമാണ് നടന്നതെന്ന് ഇസ്രായില്‍ പോലീസ് പറഞ്ഞു.
അധിനിവേശ വെസ്റ്റ്ബാങ്ക് നഗരമായ ജെനിനില്‍ വലിയ സൈനിക നടപടി ആരംഭിച്ചതിനു പിന്നാലെ ഫലസ്തീന്‍ ആക്രമണങ്ങള്‍ക്കെതിരെ ഇസ്രായില്‍ അതീവ ജാഗ്രതയിലാണ്.
ജെനിനില്‍ തുടരുന്ന സൈനിക അതിക്രമത്തിന്റെ ചെറുത്തുനില്‍പ്പിന്റെ പ്രാരംഭവും സ്വാഭാവികവുമായ പ്രതികരണവുമാണിതെന്ന് ഇറാന്റെ പിന്തുണയുള്ള ഇസ്ലാമിക് ജിഹാദ് പ്രസ്ഥാനത്തിലെ മുതിര്‍ന്ന നേതാവ് ഖാലിദ് അല്‍ബാത്ഷ് പറഞ്ഞു.
തെല്‍അവീവില്‍ ഒരു പിക്ക്അപ്പ് മാളിന് സമീപം നടപ്പാതയില്‍ കയറുന്നതും സൈക്കിള്‍ പാതയിലേക്ക് നീങ്ങുന്നതും ഓണ്‍ലൈനില്‍ പ്രചരിച്ച വീഡിയോയില്‍ കാണാം.
പരിക്കേറ്റവരില്‍ ചിലര്‍ക്ക് കത്തികൊണ്ടുള്ള മുറിവുകളുണ്ടെന്ന് മാഗന്‍ ഡേവിഡ് അഡോം ആംബുലന്‍സ് സര്‍വീസ് വക്താവ് പറഞ്ഞു.