തിരുവനന്തപുരം- കര്‍ണാടകയില്‍ നഴ്‌സിംഗ് പഠനത്തിന്റെ പേരില്‍ മലയാളി വിദ്യാര്‍ഥികളെ കബളിപ്പിക്കുന്നുവെന്നത് ് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മഷന്‍ ഉത്തരവിട്ടു. കമ്മീഷന്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ കെ. ബൈജുനാഥ് സംസ്ഥാന പോലീസ് മേധാവിക്കാണ് ഉത്തരവ് നല്‍കിയത്.
റിപ്പോര്‍ട്ട് മൂന്നാഴ്ചക്കകമാണ് സമര്‍പ്പിക്കേണ്ടത്. കോവിഡിന് ശേഷം വിദേശ രാജ്യങ്ങളില്‍ തൊഴിലവസരങ്ങള്‍ വര്‍ധിച്ചതോടെയാണ് നഴ്‌സിംഗ് പഠനത്തിന് കൂടുതല്‍ പേര്‍ താത്പര്യം കാണിക്കുന്നത്. ഇത് മുതലെടുത്താണ് കേരളത്തില്‍ നിന്നും കൂടുതല്‍ വിദ്യാര്‍ഥികള്‍ എത്തുന്ന കര്‍ണാടകയില്‍ തട്ടിപ്പ് നടത്തുന്നത്.
ബംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന 1100ഓളം നഴ്‌സിംഗ് കോളജുകളിലേക്ക് വിദ്യാര്‍ഥികളെ എത്തിക്കാന്‍ കേരളത്തില്‍ ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളില്‍ പഠിക്കാന്‍ ഒരു വര്‍ഷത്തേക്ക് മൂന്ന് ലക്ഷത്തിലേറെ രൂപയാണ് ഫീസായി ഈടാക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ അംഗീകരിച്ച ഫീസ് 65000 രൂപയാണ്.
നേരിട്ട് കോളജുകളിലെത്തിയാല്‍ പ്രവേശനം നല്‍കാതെ ഏജന്റുമാര്‍ വഴി വരുന്നവരെയാണ് കോളജുകളില്‍ പ്രവേശിപ്പിക്കുന്നത്. മാത്രമല്ല പ്രമുഖ കോളജുകളുടെ വ്യാജ അഡ്മിഷന്‍ ലെറ്റര്‍ നല്‍കുന്നതും അംഗീകാരമില്ലാത്ത കോളജുകളില്‍ എത്തിക്കുന്നതുമെല്ലാം വ്യാപകമായി നടക്കുന്നുണ്ട്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.