കോഴിക്കോട്- ഏകസിവിൽ കോഡ് സാമുദായിക പ്രശ്‌നമായി കാണേണ്ട കാര്യമില്ലെന്നും നിയമപരമായും രാഷ്ട്രീയപരമായും ഇതിനെ നേരിടുമെന്നും കോഴിക്കോട് ചേർന്ന മുസ്ലിം കോർഡിനേഷൻ കമ്മിറ്റി. നിയമപരമായും രാഷ്ട്രീയപരമായുമായാണ് ഇതിനെ നേരിടേണ്ടതെന്നും ഇതിന്റെ പേരിൽ സാമുദായിക ധ്രുവീകരണം ഉണ്ടാകാൻ പാടില്ലെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഈ വിഷയം തെരുവിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ല. എല്ലാവരെയും കൂട്ടിയോജിപ്പിച്ച് ഒന്നിച്ചുള്ള പോരാട്ടമാണ് നടത്തേണ്ടത്. ഇത് മുസ്ലിം സമുദായത്തെ മാത്രം ബാധിക്കുന്ന കാര്യമല്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു. ഏകസിവിൽ കോഡുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തുമെന്നും രാജ്യം മുഴുവൻ ഇത്തരത്തിലുള്ള നീക്കമുണ്ടാകണമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്ത്യ എല്ലാവരുടെയും രാജ്യമാണ്. എല്ലാ വിശ്വാസക്കാർക്കും ഇവിടെ ഇടമുണ്ടാകണമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഏകസിവിൽ കോഡുമായി ബന്ധപ്പെട്ട് ധ്രുവീകരണ രാഷ്ട്രീയത്തിന്റെ ഭാഗമാകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. കോഴിക്കോട്ട് സെമിനാറും ബോധവത്കരണവും നടത്തും. പാർലമെന്റിൽ ഈ വിഷയം വരുമ്പോൾ ശക്തമായ നിലപാട് സ്വീകരിക്കാൻ എം.പിമാരോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.