ന്യൂദല്‍ഹി- ബി.ജെ.പി ഇന്ത്യയെ ഹിന്ദു പാക്കിസ്ഥാനാക്കുമെന്ന മുന്‍ മന്ത്രിയും കോണ്‍ഗ്രസ് എം.പിയുമായ ശശി തരൂരിന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി ബി.ജെ.പി. കോണ്‍ഗ്രസാണ് പാക്കിസ്ഥാന്റെ സൃഷ്ടിപ്പിന് ഉത്തരവാദികളെന്നും തരൂരിന്റെ പരമാര്‍ശം ഇന്ത്യയേയും ഹിന്ദു വിശ്വാസികളേയും തരംതാഴ്ത്തുന്നതായണെന്നും ബി.ജെ.പി വക്താവ് സാംബിത് പത്ര പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇതിനു ക്ഷമാപണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തിരുവനന്തപുരത്ത് നടന്ന പരിപാടിയിലാണ് തരൂരിന്റെ പരാമര്‍ശം. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പി വീണ്ടും ഭരണം പിടിച്ചാല്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ചവിട്ടിമെതിക്കപ്പെടുകയും ഇന്ത്യ ഒരു 'ഹിന്ദു പാക്കിസ്ഥാന്‍' ആയി മാറുകയും ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്. ബിജെപി രാജ്യത്തിന് പുതിയൊരു ഭരണഘടന എഴുതാന്‍ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ലോക്സഭാ തെരഞ്ഞെടുപ്പു വിജയം ആവര്‍ത്തിച്ചാല്‍ നാം മനസ്സിലാക്കുന്ന നമ്മുടെ ജനാധിപത്യ ഭരണഘടന നിലനില്‍ക്കില്ല. അവര്‍ക്കാവശ്യമായ എല്ലാ ഘടകങ്ങളും കൂട്ടിച്ചേര്‍ത്ത് അതിനെ പിച്ചിച്ചീന്തുകയും പുതിയതൊന്ന് രചിക്കപ്പെടുകയും ചെയ്യും-തരൂര്‍ പറഞ്ഞു.
പുതിയ ഭരണഘടന ഹിന്ദു രാഷ്ട്രത്തിന്റെ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാകും. ഇത് ന്യൂനപക്ഷങ്ങളുടെ തുല്യാവകാശം നിഷേധിക്കും. ഇത് ഒരു ഹിന്ദു പാക്കിസ്ഥാന്റെ സൃഷ്ടിപ്പിലേക്കു നയിക്കും. മഹാത്മ ഗാന്ധിയും നെഹ്റു, സര്‍ദാര്‍ പട്ടേല്‍, മൗലാനാ ആസാദ് തുടങ്ങിയ മഹാന്മാരായ സ്വാതന്ത്ര്യ സമര പോരാളികള്‍ നേടിയെടുത്ത ഒരു രാജ്യമാകില്ല- തരൂര്‍ പറഞ്ഞു.