കോഴിക്കോട്- ഏകസിവിൽ കോഡ് വിഷയത്തിൽ മുസ്ലിംകൾക്കൊപ്പമുണ്ടെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. മുസ്ലിം നേതാക്കളുമായി ഫോണിൽ സംസാരിച്ചാണ് കെ.സി വേണുഗോപാൽ ഇക്കാര്യം അറിയിച്ചത്. സിവിൽ കോഡ് സംബന്ധിച്ച് നാളെ കെ.പി.സി.സി നേതൃയോഗം ചേരാനിരിക്കെയാണ് വേണുഗോപാൽ സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ എന്നിവരുമായി സംസാരിച്ചത്. ഏക സിവിൽ കോഡിനെതിരെ മുസ്‌ലിം സമൂഹത്തിന്റെ ആശങ്ക ഉൾക്കൊള്ളുന്നുവെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. വിഷയം ചർച്ച ചെയ്യാൻ കെപിസിസി നേതൃയോഗം നാളെ ചേരും.
പാർലമെന്റിൽ ചോദ്യം ചെയ്ത് പ്രതിപക്ഷം
ഏക സിവിൽ കോഡ് ഇപ്പോൾ നടപ്പാക്കാനുള്ള കേന്ദ്രസർക്കാറിന്റെ ഉദ്ദേശ്യത്തെ പാർലമെന്റ് സ്ഥിരം സമിതി യോഗത്തിൽ ചോദ്യം ചെയ്ത് പ്രതിപക്ഷ കക്ഷികൾ. ഏക സിവിൽ കോഡ് വിഷയം ചർച്ച ചെയ്യാനായി നീതി നിയമ കാര്യങ്ങൾക്കായുള്ള പാർലമെന്ററികാര്യ സമിതി ഇന്നലെ ചേർന്ന യോഗത്തിലാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികൾ കേന്ദ്രസർക്കാർ നീക്കത്തിലെ ഉദ്ദേശ്യ ശുദ്ധി ചോദ്യം ചെയ്തത്. 2024ലെ പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് കേന്ദ്രസർക്കാറിന്റെ പുതിയ നീക്കമെന്ന് അംഗങ്ങൾ സമിതിയിൽ തുറന്നടിച്ചു. ഏക സിവിൽ കോഡ് നടപ്പാക്കണമെന്ന നിലപാടാണ് സമിതി അധ്യക്ഷനായ ബി.ജെ.പി എം.പി സുശീൽ മോഡി യോഗത്തിൽ വ്യക്തമാക്കിയത്.
കടുത്ത വാഗ്വാദമാണ് യോഗത്തിൽ ഉയർന്നത്. സമിതിയിലെ എൻ.സി.പി, തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ വിട്ടുനിന്നപ്പോൾ കോൺഗ്രസ്, ഡി.എം.കെ, ഭാരത് രാഷ്ട്ര സമിതി അംഗങ്ങൾ രൂക്ഷമായ ഭാഷയിൽ സർക്കാറിനെ വിമർശിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പിന് 300 ദിവസങ്ങൾ മാത്രം ശേഷിക്കെ എന്തിനാണ് ഇപ്പോൾ തിടുക്കത്തിൽ ഏക സിവിൽ കോഡുമായി കേന്ദ്രസർക്കാർ എത്തിയതെന്ന് പ്രതിപക്ഷ പാർട്ടികൾ ചോദിച്ചു. 21ാം നിയമ കമ്മീഷൻ ഏക സിവിൽ കോഡ് അത്യാവശ്യമല്ലെന്ന നിലപാട് അറിയിച്ചതാണെന്ന് യോഗത്തിൽ പങ്കെടുത്ത കോൺഗ്രസ് പ്രതിനിധി പറഞ്ഞു. ഓരോ സംസ്ഥാനത്തേയും സംസ്‌കാരങ്ങൾക്ക് ചേരുംവിധമുള്ള നിയമങ്ങൾ നിർമിക്കാനുള്ള സംസ്ഥാനങ്ങളുടെ അവകാശത്തെ ഏക സിവിൽകോഡ് ഇല്ലാതാക്കുമെന്ന് ഡി.എം.കെ അംഗം പി. വിൽസൺ വ്യക്തമാക്കി. പി വിൽസൺ ഉൾപ്പെടെയുള്ളവർ ഏകസിവിൽ കോഡിനെ എതിർത്ത് യോഗത്തിൽ കത്തു നൽകിയിട്ടുണ്ട്. വിഷയത്തിൽ കേന്ദ്രസർക്കാറിന് അനുകൂല സമീപനമാണ് സമിതിയിലെ ബി.എസ്.പി അംഗം മാലൂക് നാഗർ സ്വീകരിച്ചത്.
ഏക സിവിൽ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിയമ കമ്മീഷനും നിയമകാര്യ മന്ത്രാലയം പ്രതിനിധികൾക്കും പറയാനുള്ള കാര്യങ്ങളും സമിതി കേട്ടു. വിഷയത്തിൽ സമിതി ഇനിയും യോഗം ചേരുമെന്നും ബന്ധപ്പെട്ട മറ്റുകക്ഷികളെ കേൾക്കുമെന്നും സുശീൽ മോഡി വ്യക്തമാക്കി. ഈ മാസം ഇരുപത് മുതൽ ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ഏക സിവിൽ കോഡിനായുള്ള ബിൽ സർക്കാർ കൊണ്ടുവന്നേക്കുമെന്നാണ് സൂചന. ഏക സിവിൽ കോഡ് നടപ്പാക്കുന്നതിൽ അഭിപ്രായം നിയമ കമ്മീഷൻ പൊതുജനങ്ങളിൽനിന്ന് കഴിഞ്ഞ മാസം 14ന് അഭിപ്രായം തേടിയിരുന്നു. ഈ മാസം 14 വരെ അഭിപ്രായം സ്വീകരിക്കും.
കോൺഗ്രസ് പങ്ക് മഹത്തരം-മുനീർ
കോഴിക്കോട് - ഏക സിവിൽ കോഡ് ഇതുവരെ രാജ്യത്ത് നടപ്പാകാതിരുന്നതിൽ കോൺഗ്രസ് വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീർ എം.എൽ.എ. ഏക സിവിൽ കോഡിനെതിരെ കോൺഗ്രസ് നിലപാട് സ്വീകരിച്ചിട്ടുണ്ട്. അത് എല്ലാ ദിവസവും പറയേണ്ടതില്ല. വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിച്ചത് മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവാണ്. അതിലും വലിയ നിലപാട് രാജ്യത്ത് ഒരാളും എടുത്തിട്ടില്ല. ഏക സിവിൽ കോഡ്, ഗോവധം എന്നീ വിഷയങ്ങളിൽ സംസ്ഥാന മുഖ്യമന്ത്രിമാർക്ക് നെഹ്‌റു അയച്ച കത്തുകൾ വലിയ രേഖകളാണ്. വിഷയത്തിൽ നിലപാട് വ്യക്തമാക്കേണ്ടത് കോൺഗ്രസല്ല. മറിച്ച് ഏക സിവിൽ കോഡിനെകുറിച്ച് മുമ്പ് ഇ.എം.എസ് പറഞ്ഞത് ശരിയാണോ തെറ്റാണോ എന്ന് വ്യക്തമാക്കേണ്ടത് സി.പി.എമ്മാണെന്നും മുനീർ പറഞ്ഞു. ഒറ്റക്കെട്ടായുള്ള പ്രതിഷേധത്തിൽ കോൺഗ്രസിനെ കൂട്ടുന്നില്ലെന്ന് സി.പി.എം പറയാനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കണം. ഇതൊരു മുസ്‌ലിം വിഷയം മാത്രമായി ചിത്രീകരിക്കാൻ സി.പി.എം ശ്രമിക്കുന്നു. വിഷയത്തിൽ സി.പി.എമ്മിന് ആത്മാർഥതയില്ല. ആത്മാർഥതയുണ്ടെങ്കിൽ സി.എ.എ സമരത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കട്ടെ. ശരീഅത്തിനെതിരെ ഇത്രയും കാലം സംസാരിക്കുകയും മുസ്‌ലിം വ്യക്തി നിയമം മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്ത സി.പി.എം ആണ് ഇപ്പോൾ മുസ്‌ലിംകളുടെ സംരക്ഷകരെന്ന് പറയുന്നത്. സിംഹകൂട്ടിൽ നിന്ന് ഓടി ചെന്നായുടെ കൂട്ടിൽ പോകുന്നത് ഗുണകരമാണോ എന്ന് ചിന്തിക്കാൻ മുസ്‌ലിം നേതാക്കൾക്ക് സാധിക്കുമെന്നും മുനീർ വ്യക്തമാക്കി.