മുംബൈ - വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് ബാഗേജ് കിട്ടാനായി കാത്തുകെട്ടിക്കിടക്കേണ്ട സ്ഥിതി ഒഴിവാക്കാനായി പണം നല്‍കി ബഗേജ് എളുപ്പത്തില്‍ നല്‍കുന്ന സേവനവുമായി എയര്‍ ഇന്ത്യ. യാത്രക്കാര്‍ക്കായി 'എക്സ്പ്രസ് എഹെഡ്' എന്ന പേരിലാണ് എയര്‍ ഇന്ത്യ വേഗത്തില്‍ ബാഗേജ് കിട്ടുന്ന സേവനം തുടങ്ങിയത്. ചെക്ക് -ഇന്‍ കൗണ്ടറില്‍ നീണ്ട ക്യൂ നില്‍ക്കുന്നതും ബാഗേജിനായി കാത്തുനില്‍ക്കുന്നതും ഒഴിവാക്കാന്‍ യാത്രക്കാര്‍ക്ക് ചെറിയ തുക നല്‍കി പ്രയോജനപ്പെടുത്താവുന്ന സേവനമാണ് 'എക്സ്പ്രസ് എഹെഡ്'. എയര്‍പോര്‍ട്ടില്‍ ചെക്ക് ഇന്‍ ചെയ്യുന്നത് മുതല്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതുവരെയുള്ള യാത്ര സുഗമമാക്കുകയാണ് പുതിയ സേവനത്തിലൂടെ ലക്ഷ്യമിടുന്നത്. 'എക്സ്പ്രസ് എഹെഡ് ' യാത്രക്കാര്‍ക്കായി പ്രത്യേക ചെക്ക് ഇന്‍ കൗണ്ടറുകളായിരിക്കും ഉണ്ടാകുക. ബാഗേജുകള്‍ കയറ്റുന്ന കാര്യത്തിലും ഇറക്കുന്ന കാര്യത്തിലും ഈ സംവിധാനത്തില്‍ പണം നല്‍കിയവര്‍ക്ക് ആദ്യ പരിഗണന ലഭിക്കും. വിമാനം ലാന്‍ഡ് ചെയ്യുന്ന സമയത്തും ലഗേജ് എടുക്കുന്ന കാര്യത്തില്‍ 'എക്സ്പ്രസ് എഹെഡ്'. സേവനങ്ങള്‍ എടുത്തവര്‍ക്കായിരിക്കും മുന്‍ഗണന. രാജ്യത്തിന് പുറത്തേക്കുള്ള യാത്രയിലും ഇന്ത്യയില്‍ നിന്നുള്ള വിമാനത്താവളങ്ങളില്‍ നിന്നുതന്നെ എക്സ്പ്രസ് എഹെഡ് സേവനത്തിന് പേരുനല്‍കാം. ഇതിനായി ഓണ്‍ലൈന്‍ പ്രീ ബുക്കിങ് സൗകര്യവും എയര്‍ ഇന്ത്യ നല്‍കുന്നുണ്ട്.