കൊച്ചി - തൃക്കാക്കര നഗരസഭയില്‍ യു ഡി എഫിന് ഭരണ പ്രതിസന്ധി ഒഴിവായി. യു ഡി എഫ് വിട്ട നാല് വിമതരില്‍ ഒരാള്‍ തിരിച്ചെത്തി. 33ാം വാര്‍ഡ് കൗണ്‍സിലര്‍ വര്‍ഗീസ് പ്ലാശ്ശേരി ആണ് യു ഡി എഫിലേക്ക് തിരിച്ചെത്തിയത്. ഇതോടെ 43 അംഗങ്ങളുള്ള നഗര സഭയില്‍ യു ഡി എഫിന് 22 പേരുടെ പിന്തുണ ആയി.
നഗരസഭ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തെച്ചൊല്ലി കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് രൂക്ഷമായതിനിടയിലിലാണ് നാല് യു ഡി എഫ് അംഗങ്ങള്‍ എല്‍ ഡി എഫിലേക്ക് പോയത്. ഇതോടെ യു ഡി എഫിന് ഭരണം നഷ്ടപ്പെടുന്ന അവസ്ഥയായി. ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ വാഗ്ദാനം ചെയ്താണ് എല്‍ ഡി എഫ് ഇവരെ കൂടെക്കൂട്ടിയത്. ഈ വിമതന്മാരില്‍ ഒരാളെയെങ്കിലും തിരിച്ചെത്തിച്ചാല്‍ ഭരണ പ്രതിസന്ധി ഒഴിവാക്കാനാകുമെന്ന കണക്കു കൂട്ടലില്‍ അതിവേഗ ഇടപെടലാണ് യു ഡി എഫ് നടത്തിയതും അത് വഴി വര്‍ഗീസ് പ്ലാശേരിയെ തിരികെയത്തിക്കാനായതും. വര്‍ഗീസിന് എന്ത് ഓഫര്‍ നല്‍കിയാണ് തിരിച്ചെത്തിച്ചതെന്ന് വ്യക്തമായിട്ടില്ല.