ന്യൂദല്‍ഹി- ഖാലിസ്ഥാനി വിഘടനവാദികള്‍ക്ക് ഇടം നല്‍കരുതെന്ന് വിവിധ രാജ്യങ്ങളോട് അഭ്യര്‍ഥിച്ചതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. കാനഡ, യു. കെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളോടാണ് ഇന്ത്യ ഇക്കാര്യം പറഞ്ഞത്. തീവ്രവാദ ആശയങ്ങള്‍ ഇന്ത്യയ്ക്കോ മറ്റു രാജ്യങ്ങള്‍ക്കോ പരസ്പര ബന്ധത്തിനോ നല്ലതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അവരുടെ അംഗരക്ഷകര്‍ കൊലപ്പെടുത്തിയത് ആഘോഷിക്കുന്ന ടാബ്ലോ പരേഡ് കഴിഞ്ഞ മാസം ആദ്യം ബ്രാംപ്ടണില്‍ സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം ന്യൂദല്‍ഹിയിലെ ഇന്ത്യാ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടന്ന യോഗത്തില്‍ സംസാരിക്കവേ കാനഡയെ നയിക്കുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്ന് തോന്നുന്നുവെന്നും ഇത് ഈയിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെയും ബാധിച്ചിട്ടുണ്ടെന്നും ജയശങ്കര്‍ പറഞ്ഞു. തങ്ങളുടെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും സുരക്ഷയെയും തടസ്സപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ കാനഡയില്‍ നിന്ന് അനുവദിക്കുകയാണെങ്കില്‍ പ്രതികരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. യുക്രെയ്ന് സംഘര്‍ഷത്തിനിടയില്‍ പല പാശ്ചാത്യ രാജ്യങ്ങളുമായുള്ള റഷ്യയുടെ വ്യാപാര പാതകള്‍ അടഞ്ഞതോടെ ഏഷ്യന്‍ സമ്പദ്വ്യവസ്ഥകളുമായുള്ള റഷ്യയുടെ ബന്ധം മെച്ചപ്പെടുത്തിയതായും ജയശങ്കര്‍ പറഞ്ഞു. യുക്രെയ്നിലെ സംഘര്‍ഷം ആരംഭിച്ചതിന് ശേഷമുള്ള മാസങ്ങളില്‍ റഷ്യയും ഇന്ത്യയും തമ്മിലുള്ള വ്യാപാരത്തില്‍ വലിയ വര്‍ധനവുണ്ടായതായും ജയശങ്കര്‍ പറഞ്ഞു. യുക്രെയ്ന് പോരാട്ടത്തിന് മുമ്പ് റഷ്യയുമായി ഇന്ത്യയുടെ വ്യാപാരം ഏകദേശം 12- 14 ബില്യണ്‍ ഡോളറായിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് 40 ബില്യണ്‍ ഡോളറായി വര്‍ധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏഷ്യന്‍ സമ്പദ്വ്യവസ്ഥ റഷ്യയുടെ പങ്കാളിയായി മാറുകയാണെന്നും അവര്‍ മറ്റ് രാജ്യങ്ങളുമായി എന്തുചെയ്യുന്നു എന്നതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും റഷ്യയുമായുള്ള നമ്മുടെ ബന്ധം നിലനിര്‍ത്തണമെന്നും ഇന്ത്യന്‍ ജനതയുടെ താത്പര്യമാണ് മികച്ചു നില്‍ക്കുകയെന്നും അദ്ദേഹം പറഞ്ഞു.