പാരീസ്- കൗമാരക്കാരന്‍ നഹെല്‍ എം വെടിയേറ്റ് കൊല്ലപ്പെട്ടതിനു പിന്നാലെ പാരീസില്‍ തുടങ്ങിയ കലാപത്തിന് താത്ക്കാലിക ശമനം. അക്രമ വിരുദ്ധ റാലിക്ക് മേയര്‍മാര്‍ ആഹ്വാനം ചെയ്തതോടെയാണ് കലാപത്തിന് കുറവുണ്ടായത്. അക്രമത്തിലും കൊള്ളയിലും പ്രതിഷേധിച്ച് ടൗണ്‍ ഹാളുകള്‍ക്ക് പുറത്ത് അണിനിരക്കാനാണ് മേയര്‍മാര്‍ ജനങ്ങളോട് ആഹ്വാനം ചെയ്തത്.
കലാപത്തെ തുടര്‍ന്ന് ഞായറാഴ്ച രാത്രി 150ലേറെ പേരെയാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച എഴുന്നൂറിലേറെ പേരെ അറസ്റ്റ് ചെയ്തിരുന്നു. കലാപവും അക്രമവും അവസാനിപ്പിക്കണമെന്ന് കൊല്ലപ്പെട്ട നഹേലിന്റെ കുടുംബവും പലതവണ ആവശ്യപ്പെട്ടു.
നഹേലിന്റെ ജന്മനാടായ നാന്‍ടെറെയില്‍ അക്രമം ശമിച്ചതില്‍ സന്തോഷമുണ്ടെന്ന് മേയര്‍ പാട്രിക് ജാറി പറഞ്ഞു. എന്നാല്‍ ഈ സാഹചര്യത്തിന് കാരണമായ സംഭവവും നീതിയുടെ തുടര്‍ച്ചയായ ആവശ്യവും കാണാതെ പോകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കലാപകാരികളില്‍ പലരും അവര്‍ എല്ലാ ദിവസവും സന്ദര്‍ശിക്കുന്ന ബിസിനസ് സ്ഥാപനങ്ങളാണ് കൊള്ളയടിച്ചതെന്ന് റെയിംസ് മേയര്‍ പറഞ്ഞു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അക്രമം ബാധിച്ച 220 മുനിസിപ്പല്‍ ഏരിയകളിലെ മേയര്‍മാരുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും.