ലാഹോര്‍- ആലിബാബ ഗ്രൂപ്പിന്റെ സഹസ്ഥാപകനും ചൈനീസ് ശതകോടീശ്വരനുമായ ജാക്ക് മാ അപ്രതീക്ഷിതമായി പാകിസ്താന്‍ സന്ദര്‍ശിച്ചു. സന്ദര്‍ശനം രഹസ്യമായിരുന്നു. അഞ്ച് ചൈനീസ് പൗരന്മാരും ഒരു ഡാനിഷ് വ്യക്തിയും ഒരു യു. എസ് പൗരനും അടങ്ങുന്ന ഏഴ് ബിസിനസുകാരുടെ പ്രതിനിധി സംഘവും മായെ അനുഗമിച്ചിരുന്നതായി പാക് ഇംഗ്ലീഷ് പത്രം എക്സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.
ജൂണ്‍ 29ന് ലാഹോറിലെത്തിയ ചൈനീസ് ശതകോടീശ്വരന്‍ അവിടെ 23 മണിക്കൂര്‍ നേരമാണ് ചെലവഴിച്ചത്. ഇക്കാര്യം ബോര്‍ഡ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് മുന്‍ ചെയര്‍മാന്‍ മുഹമ്മദ് അസ്ഫര്‍ അഹ്സന്‍ സ്ഥിരീകരിച്ചതായും ദി എക്സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പാകിസ്ഥാന്‍ സന്ദര്‍ശനത്തിനിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും മാധ്യമങ്ങളുമായും ജാക്ക് മാ ആശയവിനിമയം നടത്തിയിരുന്നില്ല. ജാക്ക് മായുടെ സന്ദര്‍ശനത്തിന്റെ ഉദ്ദേശം രഹസ്യമാണെങ്കിലും പാകിസ്ഥാന് അനുകൂലമായ ഫലങ്ങളാണ് പ്രതീക്ഷിക്കുന്നതെന്നും ദി എക്സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹോങ്കോങ്ങിലെ ബിസിനസ് ഏവിയേഷന്‍ മേഖലയില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനത്തിലാണ് നേപ്പാളില്‍ നിന്ന് പ്രതിനിധി സംഘം പാകിസ്ഥാനിലെത്തിയത്.
സാമ്പത്തികമായി പ്രതിസന്ധിയിലായ രാജ്യത്ത് ബിസിനസ് അവസരങ്ങള്‍ പ്രതീക്ഷിക്കുന്ന മായും സംഘവും എത്തിയതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിറയുന്നത്. പ്രമുഖ ബിസിനസുകാരുമായും വിവിധ ചേംബര്‍ ഓഫ് കൊമേഴ്സിലെ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ചകളും വ്യാപാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കലും നടത്തിയെന്നും സാമൂഹ്യ മാധ്യമങ്ങള്‍ പറയുന്നുണ്ടെങ്കിലും ഏതെങ്കിലും പ്രത്യേക മീറ്റിംഗുകളെക്കുറിച്ചോ ബിസിനസ് ഡീലുകളെക്കുറിച്ചോ ഉദ്യോഗസ്ഥരൊന്നും സ്ഥിരീകരിച്ചിട്ടില്ല. ജാക്ക് മായുടെ സന്ദര്‍ശനം വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് മാത്രമാണെന്ന് അഹ്സന്‍ ട്വീറ്റില്‍ വ്യക്തമാക്കി. മായുടെ പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിന്റെയും ഇടപെടലുകളുടെയും വിശദാംശങ്ങള്‍ ചൈനീസ് എംബസിക്ക് പോലും നല്‍കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.