മക്ക - ഹജിനിടെ മിനായില്‍ സന്നദ്ധസേവനം നടത്തിയ കുഞ്ഞുവളണ്ടിയര്‍ തനിക്കു നേരെ നീട്ടിയ നോട്ടുകള്‍ സ്‌നേഹപുരസ്സരം നിരാകരിച്ചത് കൗതുകമായി. മിഠായികള്‍ അടക്കം തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വസ്തുക്കള്‍ വാങ്ങാന്‍ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് പണം ലഭിക്കണമെന്ന് കുട്ടികള്‍ അതിയായി ആഗ്രഹിക്കുന്നതാണ് സാര്‍വത്രിക കാഴ്ച. ഇതിന് വിരുദ്ധമായി കുഞ്ഞുവളണ്ടിയര്‍ പണം നിരാകരിക്കുകയായിരുന്നു.
കടുത്ത ചൂടില്‍ തീര്‍ഥാടകര്‍ക്ക് ആശ്വാസമായി വലിയ സ്‌പ്രേകുപ്പിയില്‍ കരുതിയ തണുത്ത വെള്ളം ശിരസ്സിലും മുഖങ്ങളിലും തളിച്ച് നല്‍കി ഹാജിമാര്‍ക്ക് ആശ്വാസം നല്‍കുന്ന മേഖലയിലാണ് കുഞ്ഞുബാലന്‍ സന്നദ്ധസേവനം നടത്തിയത്. ഇങ്ങിനെ തീര്‍ഥാടകരുടെ ശിരസ്സിലും മുഖങ്ങളിലും വെള്ളം സ്‌പ്രേചെയ്യുന്നതിനിടെയാണ് വിദേശ വനിതാ തീര്‍ഥടാകരില്‍ ഒരാള്‍ അലിവും ആര്‍ദ്രതയും തോന്നി ബാലന് നോട്ടുകള്‍ സമ്മാനിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ തനിക്ക് നേരെ നീട്ടിയ നോട്ടുകള്‍ കണ്ട്, തനിക്ക് പണം ആവശ്യമില്ലെന്ന് പറഞ്ഞ് ബാലന്‍ തന്റെ കര്‍ത്തവ്യനിര്‍വഹണം തുടരുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ മറ്റൊരു തീര്‍ഥാടകന്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നു.