പ്രതിപക്ഷ പാർട്ടികളുടെ യോഗം ജൂലൈ 17നും 18നും ബംഗളൂരുവിൽ

ന്യൂദൽഹി- ബി.ജെ.പിക്ക് എതിരായ പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മ രൂപീകരിക്കുന്നതിന് വേണ്ടിയുള്ള യോഗം ജൂലൈ 17, 18 തീയതികളിൽ ബംഗളൂരുവിൽ ചേരുമെന്ന് കോൺഗ്രസ് അറിയിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഫാഷിസ്റ്റ്, ജനാധിപത്യവിരുദ്ധ ശക്തികളെ പരാജയപ്പെടുത്താനും രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള ധീരമായ കാഴ്ചപ്പാട് അവതരിപ്പിക്കാനുമുള്ള അചഞ്ചലമായ ദൃഢനിശ്ചയത്തിൽ ഞങ്ങൾ ഉറച്ചുനിൽക്കുന്നുവെന്ന് ട്വീറ്റിൽ വ്യക്തമാക്കി.

 

പ്രതിപക്ഷ യോഗം ജൂലൈ 13, 14 തീയതികളിൽ ബംഗളൂരുവിൽ നടക്കുമെന്നായിരുന്നു എൻസിപി അധ്യക്ഷൻ ശരദ് പവാർ കഴിഞ്ഞദിവസം അറിയിച്ചത്. എന്നാൽ മഹാരാഷ്ട്രയിൽ അജിത് പവാറിന്റെ നേതൃത്വത്തിൽ പാർട്ടിയിലുണ്ടായ പിളർപ്പാണ് യോഗം നീളാൻ ഇടയാക്കിയത് എന്നാണ് സൂചന. പട്‌നയിൽ കഴിഞ്ഞ 23നായിരുന്നു ആദ്യ യോഗം. ഈ യോഗത്തിൽ എൻ.സി.പി പ്രതിനിധിയായി പങ്കെടുത്ത പ്രഫുൽ പട്ടേൽ ഉൾപ്പെടെയുള്ള നേതാക്കളാണ് എൻ.ഡി.എ പക്ഷത്തേയ്ക്ക് മറുകണ്ടം ചാടിയത്. അജിത് പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായ സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. പ്രഫുൽ പട്ടേലിനെ കേന്ദ്രമന്ത്രിയാക്കുമെന്നാണ് സൂചന.

Latest News