കോഴിക്കോട്- ഏകസിവിൽ കോഡിന്റെ പേരിൽ സി.പി.എം കളിക്കുന്നത് കൃത്യമായ രാഷ്ട്രീയ നീക്കമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഡോ. എം.കെ മുനീർ. കോഴിക്കോട്ട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുനീർ ഇക്കാര്യം പറഞ്ഞത്.
സ്നേഹത്തോടെയാണ് സി.പി.എം യോഗത്തിന് വിളിച്ചത് എന്ന വാദത്തോട്, സ്നേഹത്തോടെ വിളിച്ചിട്ട് മാന്താൻ പാടുണ്ടോ എന്നായിരുന്നു മുനീറിന്റെ ചോദ്യം. സി.എ.എ സമരസമയത്തെ മുഴുവൻ കേസുകളും പിൻവലിക്കുമെന്ന് സംസ്ഥാന സർക്കാർ പറഞ്ഞെങ്കിലും ലീഗുകാരുടെ പേരിൽ ഇപ്പോഴും കേസുകളുണ്ടെന്നും മുനീർ പറഞ്ഞു.
ഏകസിവിൽ കോഡിന്റെ പേരിൽ സാമുദായിക വിഭജനമുണ്ടാക്കാനാണ് ബി.ജെ.പിയുടെ നീക്കം. ഇതേ കാർഡ് തന്നെയാണ് സി.പി.എമ്മും കളിക്കുന്നത്. കോഴിക്കോട് സി.പി.എം വിളിച്ച യോഗത്തിൽ എല്ലാ വിഭാഗത്തെയും പങ്കെടുപ്പിക്കുകയാണ് സി.പി.എം ചെയ്യേണ്ടിയിരുന്നത്.
കർഷക സമരത്തിലും ഗുസ്തി താരങ്ങളുടെ സമരത്തിലും സാമുദായിക ഭിന്നിപ്പുണ്ടാക്കാൻ ബി.ജെ.പിക്ക് സാധിച്ചിട്ടില്ല. പൗരത്വഭേദഗതി നിയമത്തിലാണ് രാജ്യത്ത് വിഭജനം ഉണ്ടക്കാൻ ബി.ജെ.പി ശ്രമിച്ചത്. അതേ കാർഡ് തന്നെയാണ് ഇക്കാര്യത്തിലും ബി.ജെ.പി കളിക്കുന്നത്.
ഏകസിവിൽ കോഡ് സംബന്ധിച്ച് സി.പി.എമ്മിന്റെ മുൻ അഭിപ്രായം ഇപ്പോഴും അവരുടെ വെബ്സൈറ്റിലുണ്ട്. അതേ നിലപാട് തന്നെയാണോ ഇപ്പോഴുമുള്ളതെന്നും മുനീർ ചോദിച്ചു.