Sorry, you need to enable JavaScript to visit this website.

കസേരയില്‍ ഇരിക്കാതെയും  പ്രവര്‍ത്തിക്കാം-ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം- ജനങ്ങള്‍ തീരുമാനിച്ചാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍. സംസ്ഥാനത്തെ ഒരു മണ്ഡലത്തിലും പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.  മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
ജനങ്ങളില്‍ വിവിധ പാര്‍ട്ടിയില്‍പ്പെട്ടവരുണ്ടാകുമെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. പൊതുജനങ്ങള്‍ തീരുമാനിച്ചാല്‍ വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. എന്നാല്‍, മറിച്ചാണ് ജനങ്ങളുടെ തീരുമാനമെങ്കില്‍ താന്‍ മത്സരരംഗത്ത് ഉണ്ടാവില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കാനില്ലെന്നും അവര്‍ വ്യക്തമാക്കി.
ബി.ജെ.പിയുടെ വിളിക്കാത്ത ഏത് യോഗത്തില്‍ പങ്കെടുത്താലും ഒരു പ്രശ്‌നവുമില്ല. പതിറ്റാണ്ടുകളോളം പ്രസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിച്ച ഒരു സ്ത്രീ എന്ന നിലയില്‍ പാര്‍ട്ടിയുടെ ഏത് വേദിയിലും കയറാനുള്ള അവകാശം തനിക്ക് പ്രവര്‍ത്തകര്‍ നല്‍കിയിട്ടുണ്ട്. കസേരയില്‍ ഇരുന്നില്ലെങ്കിലും ജോലി ചെയ്യാനാകും. രാഷ്ട്രീയപ്രവര്‍ത്തകര്‍ അതത് രാഷ്ട്രീയപാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കണം. അണിയറിയില്‍ ഒരുങ്ങുന്ന അവിശുദ്ധ രാഷ്ട്രീയ സഖ്യം കേരളത്തിന്റെ മണ്ണില്‍ ഉണ്ടാകാന്‍ പാടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഒരു കാലത്ത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കുള്ളില്‍ ആരെങ്കിലും തെറ്റ് ചെയ്താല്‍ അത് ചോദ്യംചെയ്യാനുള്ള കമ്മിറ്റികളുണ്ടായിരുന്നു. എന്നാല്‍, ഇന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രസംഗങ്ങള്‍ സി.പി.എംകാരെ പോലും നാണിപ്പിക്കുന്നു. ഇത്തരത്തില്‍ ഒരു ഗതികെട്ട അവസ്ഥയിലേക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധഃപതിച്ചു. സംസ്ഥാനത്തെ എല്ലാ അഴിമതികള്‍ക്കും മുഖ്യമന്ത്രിയുടെ കുടുംബം നേതൃത്വം നല്‍കുന്നുവെന്നും അവര്‍ ആരോപിച്ചു.
 

Latest News