ബെയ്ജിംഗ്- ചൈനയില്‍ ഗാര്‍ഹിക പീഡന കേസുകളുടെ പരമ്പര യുവാക്കളെ വിവാഹത്തെ തന്നെ ചോദ്യം ചെയ്യുന്നതിലേക്ക് നയിക്കുകയാണെന്ന് സിഎന്‍എന്‍ (cnn)റിപ്പോര്‍ട്ട് ചെയ്യുന്നു. പട്ടാപ്പകല്‍ നടത്തിയ കൊലപാതകം വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിച്ചതും ഇതില്‍ ഉള്‍പ്പെടുന്നു.
ഒരാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് കിഴക്കന്‍ പ്രവിശ്യയായ ഷാന്‍ഡോങ്ങില്‍ നടന്ന കൊലപാതകം തിങ്കളാഴ്ച വ്യാപകമായ ശ്രദ്ധയില്‍പ്പെട്ടത്
പുരുഷന്‍ സ്ത്രീയുടെ മേല്‍ ആവര്‍ത്തിച്ച് കാര്‍ ഓടിച്ചുകയറ്റുന്നതാണ് വീഡിയോ. ഭാര്യയെയാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പിന്നീട് തിരിച്ചറിഞ്ഞു. പല തവണ കാര്‍ കയറ്റിയ ഇയാള്‍ സ്ത്രീ ജീവിച്ചിരിപ്പുണ്ടോ എന്ന് പരിശോധിക്കാന്‍ പലതവണ കാറില്‍ നിന്ന് പുറത്തിറങ്ങുന്നതും വീഡിയോയില്‍ കാണാം.
കുടുംബ തര്‍ക്കങ്ങളുടെ പേരില്‍ 38 കാരിയായ ഭാര്യയെ കൊലപ്പെടുത്തിയതിന് 37 കാരനായ പുരുഷനെ കസ്റ്റഡിയിലെടുത്തതായി ഡോംഗ്യിംഗ് സിറ്റി പോലീസ് പറഞ്ഞു. കേസ് ഇപ്പോഴും അന്വേഷണത്തിലാണെന്നും പോലീസ് അറിയിച്ചു.
ബുധനാഴ്ച രാവിലെയോടെ ആക്രമണം ചൈനയുടെ ട്വിറ്ററിനു സമാനമായ വെയ്‌ബോയിലെ ഏറ്റവും ട്രെന്‍ഡിംഗ് വിഷയമായി മാറി. 300 ദശലക്ഷം പേരാണ് വീഡിയോ കണ്ടത്.
പൊതുജനശ്രദ്ധ പിടിച്ചുപറ്റിയ മറ്റ് രണ്ട് കൊലപാതുകങ്ങളും ഇതുപോലെ ക്രൂരl കൊണ്ട് വൈറാലായിരുന്നു.
കഴിഞ്ഞ മാസമാണ് തെക്കന്‍ പ്രവിശ്യയായ ഗുവാങ്‌ഡോങ്ങില്‍ ഒരാള്‍ ഭാര്യയെയും ഭാര്യാസഹോദരിയെയും കുത്തി കൊലപ്പെടുത്തിയത്. ഭാര്യ വര്‍ഷങ്ങളായി ഗാര്‍ഹിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും വിവാഹമോചനത്തിന് പദ്ധതിയിട്ടിരുന്നതായും അവരുടെ കുടുംബം വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ആഴ്ച ചെംഗ്ഡുവിലെ തെക്കുപടിഞ്ഞാറന്‍ മെട്രോപോളിസിലെ ഒരു സ്ത്രീ ഉള്‍പ്പെട്ട മറ്റൊരു കേസ് പുറത്തുവന്നു. ഏപ്രിലില്‍ ഒരു ഹോട്ടല്‍ മുറിയില്‍ ഭര്‍ത്താവ് ആക്രമിച്ചതിനെത്തുടര്‍ന്ന് താന്‍ എട്ട് ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ കഴിയേണ്ടിവന്നുവെന്നാണ് സ്ത്രീ പറഞ്ഞത്. വിവാഹ മോചനത്തിനും സംരക്ഷണത്തിനും വേണ്ടി കോടതിയെ സമീപിച്ചതാണ് കാരണം. രണ്ട് വര്‍ഷത്തെ ദാമ്പത്യത്തിനിടയില്‍ തന്നെ 16 തവണ ആക്രമിച്ചുവെന്നും യുവതി പറഞ്ഞു. യുവതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.