ന്യൂദല്‍ഹി- ബ്രിട്ടീഷ് ഭരണകാലത്ത് സ്വാതന്ത്ര്യ സ്മര സേനാനികളെ തടവിലിടാന്‍ ഉപയോഗിച്ചിരുന്ന ആന്തമാനിലെ ജയിലിലേക്ക് ഇനി ഇന്ത്യയിലെ ഗുണ്ടകളെ മാറ്റിപ്പാര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി. ഉത്തരേന്ത്യയിലെ ജയിലുകളിലാണെങ്കിലും കൊടും കുറ്റവാളികളായ ഗുണ്ടകള്‍ പുറത്തെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ആവശ്യവുമായി എന്‍. ഐ. എ ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചത്.
തിഹാര്‍ ജയിലില്‍ കഴിയുന്ന 12ഓളം കൊടും കുറ്റവാളികള്‍ ഉള്‍പ്പെടെയുള്ളവരെ മാറ്റണമെന്നാണ് എന്‍. ഐ. എ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേ ആവശ്യം ഉന്നയിച്ച് രണ്ടാം തവണയാണ് എന്‍. ഐ. എ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിക്കുന്നത്.
ആന്‍ഡമാനിലേക്കു മാറ്റുന്നതോടെ ഗുണ്ടകളുടെ എല്ലാ സ്വാധീനങ്ങളും തടയാനാവുമെന്നാണ് എന്‍. ഐ. എ കണക്കുകൂട്ടുന്നത്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ കേന്ദ്രഭരണ പ്രദേശമായതിനാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ ആവശ്യമായ അനുമതിയുടെ ആവശ്യവുമില്ല.