Sorry, you need to enable JavaScript to visit this website.

വിരട്ടണ്ട മോഡിജീ, നിശ്ശബ്ദനാക്കാനാവില്ല; കുടുംബത്തെ വേട്ടയാടുന്നുവെന്ന് യോഗേന്ദ്ര യാദവ്

ന്യൂദല്‍ഹി- കുടുംബത്തെ വേട്ടയാടി തന്നെ നിശ്ശബദ്‌നാക്കാമെന്ന് കരുതേണ്ടതെന്ന് ആം ആദ്മി പാര്‍ട്ടി വിട്ട ശേഷം കര്‍ഷകരെ സംഘടിപ്പിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന യോഗേന്ദ്ര യാദവ്. ഹരിയാനയില്‍ ഇദ്ദേഹത്തിന്റെ സഹോദരിമാര്‍ നടത്തുന്ന ആശുപത്രിയില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയതിനു പിന്നാലെയാണ് പ്രസ്താവന. കര്‍ഷകരുടെ മികച്ച ഉല്‍പന്നങ്ങള്‍ക്കു മികച്ച വില ലഭ്യമാക്കുന്നതിന് താന്‍ നയിക്കുന്ന പോരാട്ടാവുമായാണ് ഈ റെയ്ഡിനു ബന്ധമെന്ന് തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധന്‍ കൂടിയായ യോഗേന്ദ്ര യാദവ് ആരോപിച്ചു.
ദല്‍ഹിയില്‍നിന്ന് നൂറിലേറെ ആദായ നികുതി ഉദ്യോഗസ്ഥരാണ് ആശുപത്രിയില്‍ എത്തിയതെന്നും ബന്ധുക്കളെ കസ്റ്റഡിയിലെടുത്ത ശേഷം ആശുപത്രി സീല്‍ ചെയ്തിരിക്കയാണെന്നും യോഗേന്ദ്ര യാദവ് ട്വിറ്ററില്‍ തുടര്‍ച്ചയായി നല്‍കിയ പോസ്റ്റുകളില്‍ പറഞ്ഞു.
2015 ല്‍ ആം ആദ്മി പാര്‍ട്ടി വിട്ട യോഗേന്ദ്ര യാദവ് സ്വരാജ് ഇന്ത്യയും ജയ് കിസാന്‍ ആന്ദോളനും രൂപീകരിച്ച് കര്‍ഷകരെ സംഘടിപ്പിച്ചുവരികയാണ്. കര്‍ഷകരെ സംഘടിപ്പിക്കുന്നതിന് താന്‍ നടത്തിയ ഒമ്പതു ദിവസത്തെ മാര്‍ച്ചാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയെ പ്രകോപിപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു.
വ്യക്തമായ വിരട്ടലാണിത്. മോഡിജി നിങ്ങള്‍ക്കെന്നെ നിശ്ശബ്ദനാക്കാനാവില്ല -യോഗേന്ദ്ര യാദവ് പറഞ്ഞു. അതിനിടെ, യോഗേന്ദ്ര യാദവിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ബി.ജെ.പി നേതാവ് ജവഹര്‍ യാദവ് രംഗത്തു വന്നു. നികുതി വകുപ്പ് അവരുടെ ജോലിയാണ് നിര്‍വഹിക്കുന്നത്. ഇതിന് യോഗേന്ദ്ര യാദവിന്റെ യാത്രയുമായി ഒരു ബന്ധവുമില്ല -അദ്ദേഹം പറഞ്ഞു.
ഹരിയായനയിലെ റിവാരിയിലാണ് യോഗേന്ദ്ര യാദവിന്റെ സഹോദരിമാരുടെ ആശുപത്രി. രാവിലെ 11 മണിയോടെ എത്തിയ നൂറോളം ഉദ്യോഗസ്ഥര്‍ സഹോദരിമാരേയും അവരുടെ ഭര്‍ത്താക്കന്മാരേയും മരുമകനേയും അവരുടെ ചേംബറുകളില്‍ തടങ്കലിലാക്കി. നവജാത ശിശുക്കളുള്ള തീവ്രപരിചരണ വിഭാഗം ഉള്‍പ്പെടെ ആശുപത്രി സീല്‍ ചെയ്തുവെന്നും യോഗേന്ദ്ര യാദവ് പറയുന്നു.
തന്റെ പര്യടനം പൂര്‍ത്തിയായി 36 മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് റെയ്ഡ് നടത്തിയത്. ഇത് അടിയന്തരാവസ്ഥക്കാലത്ത് സംഭവിക്കുന്നതാണ്. മണിക്കൂറുകള്‍ക്കകം റെയ്ഡ് ചെയ്യാനുള്ള കേന്ദ്രം അവര്‍ കണ്ടെത്തി. രാഷ്ട്രീയ എതിരാളികളെ വിരട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ ആദായ നികുതി വകുപ്പിനേയും എന്‍ഫോഴ്‌സ്‌മെന്റെ ഡയരക്ടറേറ്റിനേയും ഉപയോഗിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
കര്‍ഷക രോഷത്തില്‍ പ്രധാനമന്ത്രി ആശങ്കാകുലനാണ്. എതിര്‍ ശബ്ദങ്ങള്‍ കേട്ടു തുടങ്ങിയതോടെ അദ്ദേഹം അസ്വസ്ഥനായിരിക്കയാണ് -യോഗേന്ദ്ര യാദവ് വാര്‍ത്താ ലേഖകരോട് പറഞ്ഞു.
ഹരിയാനയില്‍ യോഗേന്ദ്ര യാദവിന്റെ കുടുംബത്തെ കുറിച്ച് നല്ലതു മാത്രമേ കേട്ടിട്ടുള്ളൂവെന്ന് വ്യക്തമാക്കി ഹരിയാന കോണ്‍ഗ്രസ് നേതാവ് ദീപേന്ദര്‍ ഹൂഡ യോഗേന്ദ്ര യാദവിനെ അനുകൂലിച്ച് ട്വീറ്റ് ചെയ്തു. അനാവശ്യമായ റെയ്ഡാണിതെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ കര്‍ഷകരെ സംഘടിപ്പിക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാരിനെ പിടിച്ചു കുലുക്കുകയാണെന്ന് യോഗേന്ദ്ര യാദവിനെ അനുകൂലിച്ച് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

 

Latest News