തിരുവനന്തപുരം - കേരളത്തിന്റെ തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡന്‍ എം പിയുടെ ആവശ്യം വിവാദമാകുകയും ഇതിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്യുന്നതിനിടെ തല ' സ്ഥാനം ' മാറരുതെന്ന് പറഞ്ഞ് കേരള പോലീസിന്റെ ട്രോള്‍. ഹെല്‍മെറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ബോധവത്കരണ സന്ദേശമാണ് ഹൈബി ഈഡനെ ട്രോളിക്കൊണ്ട് കേരള പോലീസ് ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. തല ' സ്ഥാനം' മാറാതിരിക്കാന്‍ ഹെല്‍മെറ്റ് തലയില്‍ തന്നെ വെയ്ക്കണേയെന്നാണ് കേരള പോലീസിന്റെ അഭ്യര്‍ത്ഥന. ഹെല്‍മെറ്റ് കൈയ്യില്‍ തൂക്കിയിട്ടുകൊണ്ട് ബൈക്ക് ഓടിക്കുന്ന യുവാവിന്റെ ഫോട്ടോയും ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ട്. കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡന്‍ എം പി പാര്‍ലമെന്റില്‍ മാസങ്ങള്‍ക്ക് മുന്‍പ് സ്വകാര്യ ബില്‍ അവതരിപ്പിക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറിന് ഇക്കാര്യത്തില്‍ അഭിപ്രായം അറിയിക്കണമെന്ന് കാണിച്ച് കത്ത് നല്‍കിയതോടെയാണ് കഴിഞ്ഞ ദിവസം ഇത് വാര്‍ത്തയായത്. സ്വന്തം പാര്‍ട്ടിയില്‍ നിന്നടക്കം രൂക്ഷമായ വിമര്‍ശനങ്ങളാണ് ഹൈബി ഈഡനെതിരെ ഉയരുന്നത്.